അതും തീരുമാനമായി..!!! സ്വര്‍ണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ 10 പേര്‍ക്ക് സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത് കേസ് വഴിത്തിരിവിലെത്തിനില്‍ക്കേ കസ്റ്റംസ് അന്വേഷണസംഘത്തെ ഉടച്ചുവാര്‍ക്കാന്‍ നീക്കം. വിവാദത്തിന് തിരികൊളുത്തി, അന്വേഷണത്തില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്ന പത്തുപേരെ സ്ഥലംമാറ്റിയാണ് ഉത്തരവിറങ്ങിയത്.

കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണു സൂചന. ഈ നീക്കത്തില്‍ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിര്‍പ്പറിയിച്ചു.

ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യംചെയ്താണ് സുമിത് കുമാര്‍ ഉന്നതങ്ങളിലേക്ക് എതിര്‍പ്പറിയിച്ചത്. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചെങ്കിലും പിന്‍വലിച്ചിട്ടില്ല.

തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നില്‍ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണു സൂചന. സത്യസന്ധതയ്ക്കു പേരുകേട്ട സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആഴത്തിലേക്കു കടന്നത് പലരേയും അലോസരപ്പെടുത്തിയിരുന്നു. മലബാര്‍മേഖലയില്‍ അന്വേഷണത്തില്‍ പ്രധാനികളായ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞദിവസം കോഴിക്കോട് ഓഫീസില്‍ സമാനമായ ഉത്തരവിറക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.

എന്നാല്‍, ഉന്നത ഇടപെടലിനെപ്പോലും അവഗണിച്ചാണ് ബുധനാഴ്ച പുതിയ ഉത്തരവിറക്കിയത്. സുമിത് കുമാറിന്റെ സംഘത്തിലെ അംഗങ്ങളെ മറ്റു യൂണിറ്റുകളിലേക്കും ഡിപ്പാര്‍ട്ട്‌മെന്റിലേക്കുമാണ് മാറ്റിയത്. കസ്റ്റംസ് പ്രിവന്റീവില്‍ വരുന്ന ഉദ്യോഗസ്ഥര്‍ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സാമര്‍ഥ്യം തെളിയിച്ചവരാണ്. ഇവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായി സ്ഥലംമാറ്റം.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular