100 മീറ്റര്‍ ഓടുന്നത് പോലെയല്ല കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഹൃസ്വദൂര ഓട്ടമത്സരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം. മാരത്തണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബിബിസിയില്‍ വന്ന ലേഖനത്തിനേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

പി.ആര്‍. വര്‍ക്കുകൊണ്ടാണ് ബിബിസി ആദ്യം പുകഴ്ത്തി എഴുതിയതെന്നാണ് മുമ്പ് ആരോപിച്ചിരുന്നത്. അത് മറന്നുപോകാന്‍ പാടില്ല. ഇപ്പോള്‍ കേരളത്തിനെന്തൊ തിരിച്ചടി നേരിട്ടു എന്ന തരത്തിലാണ് അത്തരം ആളുകള്‍ ഈ വാര്‍ത്തകളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവില്‍ കേരളം നന്നായി കോവിഡിനെ കൈകാര്യം ചെയ്തുവെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിലേത്. രോഗികളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ആശുപത്രികള്‍ വീര്‍പ്പുമുട്ടിയിട്ടില്ലെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. നൂറുകണക്കിന് ഗ്രാമങ്ങളിലാണ് സര്‍ക്കാര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റുമെന്റ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

100 മീറ്ററോ 200 മീറ്ററോ ഓടുന്നതുപോലെ ഒറ്റയടിക്ക് ഓടിത്തീര്‍ക്കാന്‍ പറ്റുന്നതല്ല കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനം. മാരത്തണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടമാണ്. ആരോഗ്യസംവിധാനങ്ങളുടെയും ജനങ്ങളുടെയും ക്ഷമയും സഹന ശക്തിയും പരീക്ഷിക്കപ്പെടുകയാണ്. ഈ ബോധം നമുക്ക് ഓരോരുത്തര്‍ക്കും ആവശ്യമുണ്ട്. എങ്കില്‍ മാത്രമേ അവസാനം വരെ വീഴാതെ ഓടിത്തീര്‍ക്കാന്‍ സാധിക്കുകയുള്ളു.

ഇക്കാര്യത്തില്‍ ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതോടൊപ്പം അവസാനം വരെ പോരാടാനുള്ള മാനസികമായ കരുത്തുകൂടിയാണ് ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ഇപ്പോള്‍ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular