സച്ചിന്‍ പൈലറ്റിനെതിരെയുള്ള വിധി വെള്ളിയാഴ്ച; അതുവരെ നടപടി പാടില്ലെന്ന കോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. സച്ചിന്‍ പൈലറ്റുള്‍പ്പെടെയുള്ള വിമതര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ നോട്ടീസ് അയച്ചിരുന്നു.

ഈ നടപടിക്കെതിരെ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വിധി പറയും. അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സച്ചിന്‍ പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകിള്‍ റോത്തഗിയാണ് കോടതിയില്‍ ഹാജരായത്. മഹാമാരി പടര്‍ന്നിരിക്കെ അനാവശ്യ തിടുക്കമാണ് സ്പീക്കര്‍ കാട്ടിയതെന്നും മൂന്നു ദിവസം മാത്രമാണ് ഇവര്‍ക്ക് മറുപടി നല്‍കാനുള്ള സമയം കൊടുത്തതെന്നും റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വിമതര്‍ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി വാദിച്ചു. സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതിന് മുമ്പുതന്നെ അതിനെതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്ന് സിങ്വി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7