ന്യൂഡല്‍ഹി : കോവിഡ് രോഗത്തിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുമതി നല്‍കി. ആരോഗ്യമുള്ള, സന്നദ്ധരായ ആളുകളില്‍ തിങ്കളാഴ്ച മുതല്‍ കോവാക്‌സിന്‍ മരുന്നിന്റെ പരീക്ഷണം നടത്താന്‍ ആശുപത്രി ഒരുങ്ങുകയാണ്.
വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താന്‍ എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) തിരഞ്ഞെടുത്തത്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ല്‍ 375 പേരിലാണ് പരീക്ഷിക്കുക. ഇതില്‍ പരമാവധി 100 പേര്‍ എയിംസില്‍ നിന്നുള്ളവരായിരിക്കും.
കോവിഡ് ബാധിച്ചിട്ടില്ലാത്ത, 18നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് സെന്റര്‍ ഫോര്‍ കമ്യൂണിറ്റി മെഡിസിന്‍ പ്രഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയിലേക്കോ, 7428847499 എന്ന നമ്പരില്‍ വിളിച്ചോ എസ്എംഎസ് അയച്ചോ പങ്കെടുക്കാം.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമായും (എന്‍ഐവി) സഹകരിച്ച് കോവാക്‌സിന്‍ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നല്‍കിയിരുന്നു.
FOLLOW US PATHRAMONLINE