സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവെ പ്രതികള്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തില്‍ ജൂണ്‍ 30നെത്തിയ സ്വര്‍ണമടങ്ങിയ പാഴ്സല്‍ പിടികൂടുമെന്നായപ്പോള്‍ യുഎഇയിലേക്കുതന്നെ തിരിച്ചയയ്ക്കാന്‍ യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയേഴ്സിനു വേണ്ടി സ്വപ്ന സുരേഷ് കത്തയച്ചു. സ്വപ്ന അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പ് പുറത്തായി.
ജൂലൈ 3ന് ഉച്ചയ്ക്ക് 1.42നാണ് കോണ്‍സുലേറ്റ് ഉന്നതന്റേതെന്നു കരുതുന്ന ഇ – മെയില്‍ വിലാസത്തിലേക്കു സ്വപ്ന മെയില്‍ അയച്ചിരിക്കുന്നത്. എയര്‍ കാര്‍ഗോ കസ്റ്റംസ് അസി. കമ്മിഷണര്‍ക്കുള്ള കത്ത് റാഷിദ് ഖമീസ് അലിയുടെ നിര്‍ദേശപ്രകാരം തയാറാക്കിയതാണെന്നാണു സൂചന. കാരണം, കത്തു തയാറാക്കി ആദ്യം അദ്ദേഹത്തിന്റെ ഇ-മെയില്‍ വിലാസത്തിലേക്കാണ് അയച്ചിരിക്കുന്നത്. തുടര്‍ന്ന് കസ്റ്റംസ് അസി. കമ്മിഷണര്‍ക്ക് ഇ – മെയില്‍ ചെയ്യുകയുമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
നയതന്ത്ര പാഴ്സല്‍ ദുബായ് വിമാനത്താവളത്തിലെത്തിക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തി. യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയേഴ്സ് റാഷിദ് ഖമീസ് അലി നല്‍കിയതായി പറയുന്ന ഓതറൈസേഷന്‍ ലൈറ്ററും പുറത്തുവന്നു. ഇത് യഥാര്‍ഥമാണോ എന്നതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം കോണ്‍സല്‍ ജനറലിന്റെ പേരില്‍ പാഴ്സല്‍ എയര്‍ കാര്‍ഗോയിലെത്തിച്ചെന്നു പറയുന്ന പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ് വഴി പുറത്തായ കത്തുമായി സാമ്യമുള്ളതാണ് ഈ കത്ത്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനു വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഫോണിലേക്കു വന്ന ആറു വിദേശകോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റുചെയ്യാന്‍ അന്വേഷണ സംഘം തീരുമാനമെുടത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടെണ്ണം ഇന്റര്‍നെറ്റ് വഴിയുള്ള കോളുകാണ്.
സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സ്വപ്നയും സരിത്തും കൂട്ടുപ്രതികളും നല്‍കിയ മൊഴിയുമായി ഈ വിളികള്‍ ബന്ധപ്പെടുത്താനാകുമോ എന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യും കസ്റ്റംസും കൊച്ചിയിലേക്ക് ചൊവ്വാഴ്ച വിളിപ്പിച്ചേക്കും. അന്നുതന്നെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
സ്വപ്നയും സരിത്തുമായി വളരെ അടുത്തബന്ധം ശിവശങ്കറിനുണ്ടായിരുന്നു. സാമ്പത്തികതലത്തിലുള്ള ഇടപാടിനെക്കുറിച്ചുളള അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്. അതില്‍ തെളിവ് ലഭിച്ചാലുടന്‍ അറസ്റ്റിലേക്ക് നീങ്ങും. ശിവശങ്കറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയായിരിക്കും ദേശീയ ഏജന്‍സി കേസെടുക്കുക. എന്നാല്‍, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മൊഴികളില്‍ ശിവശങ്കറിനെ കുടുക്കാനുളള ഗൂഢലക്ഷ്യമുണ്ടോയെന്നും എന്‍.ഐ.എ. പരിശോധിക്കുന്നുണ്ട്. ശിവശങ്കറിനെ കുടുക്കി കേസിന്റെ മാനം സ്വര്‍ണക്കടത്തിന് അപ്പുറത്തേക്ക് കൊണ്ടുപോകാനാണോ ശ്രമമെന്നാണ് അന്വേഷിക്കുന്നത്.
അതിനിടെ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരുമായി ഇന്നലെ തലസ്ഥാന ജില്ലയിലെ വിവിധ ഇടങ്ങളില്‍ എന്‍.ഐ.എ തെളിവെടുപ്പ് നടത്തി. സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചന നടന്നതെന്നു കരുതുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. ശിവശങ്കര്‍ താമസിച്ചിരുന്നതും ഈ ഫ്ളാറ്റ് സമുച്ചയത്തിലാണ്. ശിവശങ്കറിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി. ഫെലൊ അരുണ്‍ ബാലചന്ദ്രനാണ് ഇവര്‍ക്ക് ഇവിടെ ഫ്ളാറ്റെടുത്തു നല്‍കിയത്. ഇതിനുള്ള തെളിവുകള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. താഴെ വാഹനത്തിലുണ്ടായിരുന്ന സന്ദീപിനെ പുറത്തിറക്കിയില്ല. പിന്നീടു അരുവിക്കരയിലെ സന്ദീപിന്റെ വീട്ടിലെത്തി. അവിടെവച്ച് വാഹനത്തില്‍ നിന്നിറക്കി വീട്ടുകാരുമായി സംസാരിക്കാന്‍ അവസരം നല്‍കി.
ഈ വീടാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ കേന്ദ്രം. കാര്‍ബണ്‍ ഡോക്ടര്‍ എന്ന സന്ദീപിന്റെ വര്‍ക്ക്ഷോപ്പിന്റെ മറവിലാണ് സ്വര്‍ണം എത്തിച്ചിരുന്നത്. ഗൃഹോപകരണങ്ങളുടെയും വാഹന സ്പെയര്‍ പാര്‍ട്സുകളുടെയും ഉള്ളില്‍വെച്ചായിരുന്നു സ്വര്‍ണം കടത്തിയത്. ഈ സാധനങ്ങള്‍ വീട്ടിലെത്തിച്ച് സ്വര്‍ണം പുറത്തെടുത്ത് സന്ദീപിന്റെ ബെന്‍സ് കാറിലാണ് മുഖ്യ ഇടപാടുകാരന് എത്തിച്ചിരുന്നത്. പിന്നീട് സ്വപ്ന നേരത്തെ താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ളാറ്റിലെത്തിച്ചു. ഇവിടെ സ്വപ്നയെ ഫ്ളാറ്റിനുള്ളിലെത്തിച്ചു വിശദമായ തെളിവെടുപ്പ് നടത്തി. അവിടെനിന്നു പി.ടി.പി. നഗറിലെ ഒരു വീട്ടിലേക്കും അന്വേഷണസംഘമെത്തി. രാത്രി ഏഴരയോടെ കനത്ത പോലീസ് അകമ്പടിയോടെ കൊച്ചിയിലേക്ക് മടങ്ങി.
ഇതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അറിയാമായിരുന്നതായി നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്ത് എന്‍.ഐ.ഐയോടു വെളിപ്പെടുത്തി. ശിവശങ്കറുമായി അടുത്തബന്ധം ഉണ്ടായിരുന്നുവെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഇടപെട്ടിരുന്നതായും സരിത് മൊഴി നല്‍കിയിട്ടുണ്ട്.
FOLLOW US: pathram online latest news