തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷയ്ക്ക് പൊലീസുകാരെ വിട്ടു നല്‍കിയ സര്‍ക്കാര്‍ നടപടി ഗുരുതരമായ ചട്ടലംഘനം. സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കിയിരുന്നു. നിയമപ്രകാരം ഡിജിപി ആ കത്ത് വിദേശകാര്യ മന്ത്രാലയത്തിന് അയച്ച് അംഗീകാരം വാങ്ങണം. എന്നാല്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ബെഹ്‌റയുടെ നടപടി വിദേശ നയതന്ത്ര പ്രതിനിധികളുമായി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ആശയവിനിമയം നടത്തരുതെന്ന 1968 ലെ ഓള്‍ ഇന്ത്യ സര്‍വീസ് റൂളിന്റെ ലംഘനമാണെന്ന് നയതന്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഈ ചട്ടം ലംഘിച്ചതിനാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചത് 2016 ഒക്ടോബറിലാണ്. 2017 ജൂണില്‍ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് കോണ്‍സുല്‍ ജനറലിന്റെ സുരക്ഷയ്ക്കായി പൊലീസുകാരനെ വിട്ടുനല്‍കി.
പിന്നീട്, കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടപ്രകാരം ഓരോ വര്‍ഷവും സേവനം നീട്ടി. സ്വര്‍ണക്കടത്തുകേസ് വിവാദമായതോടെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയഘോഷിന്റെ നീക്കങ്ങള്‍ എന്‍ഐഎ പരിശോധിക്കുന്നുണ്ട്. എല്ലാ സുരക്ഷാ നടപടികളും വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചും അംഗീകാരം നേടിയും മാത്രമെ നടപ്പാക്കാവൂ എന്നാണ് നയതന്ത്രജ്ഞരുടെ സുരക്ഷ സംബന്ധിച്ച പ്രോട്ടോകോളില്‍ പറയുന്നത്.
ഏതെങ്കിലും നയതന്ത്ര പ്രതിനിധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് ഔദ്യോഗികമായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ വിഭാഗത്തെ അറിയിക്കണം. സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് വിലക്കുണ്ട്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ചൈനീസ് എംബസിയിലും, പാക്കിസ്ഥാന്‍ ഹൈകമ്മിഷന്‍ ഓഫിസിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഓഫിസുകള്‍ക്ക് ആ രാജ്യങ്ങളിലും സുരക്ഷയുണ്ട്.
ഒരു രാജ്യത്ത് ഇന്ത്യന്‍ നയതന്ത്ര ഓഫിസുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ക്കനുസരിച്ചാണ് ഇവിടെയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് വിദേശകാര്യ വിദഗ്ധന്‍ ടി.പി.ശ്രീനിവാസന്‍ മനോരമ ഓണ്‍ലൈനോട് പറ!ഞ്ഞു. സുരക്ഷാ ഭീഷണിയുള്ള എംബസികള്‍ക്ക് ഡല്‍ഹി പൊലീസ് പുറത്ത് സുരക്ഷ ഒരുക്കാറുണ്ടെങ്കിലും സ്ഥാപനത്തിനുള്ളിലെ സുരക്ഷ അതത് രാജ്യങ്ങളിലെ സുരക്ഷാ സേനകള്‍ക്കാണ്.
യുഎസ് എംബസിയിലെ ഉദ്യോഗസ്ഥരുടെ സുരക്ഷ നോക്കുന്നത് അമേരിക്കന്‍ സേനയാണ്. കെനിയയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാണ് തനിക്ക് സുരക്ഷ നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര സംഘത്തിന് വര്‍ഷങ്ങളായി കാനഡയില്‍ സുരക്ഷ നല്‍കുന്നുണ്ട്.
FOLLOW US PATHRAMONLINE