ഇതിനകം മൂന്നുതവണ ചോദ്യംചെയ്ത് കഴിഞ്ഞു; ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ഈയാഴ്ച കൊച്ചിയിലെത്തിക്കും. ഫൈസല്‍ മറ്റ് സംഘങ്ങള്‍ വഴിയും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് സൂചന. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയും കൊച്ചിയിലെത്തിച്ച് പരിശോധിക്കും.

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വിലാസത്തില്‍ സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിനെ വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുഎഇയുടെ ലോഗോ, സീല്‍ എന്നിവ വ്യാജമായി നിര്‍മിച്ചെന്ന് എന്‍.ഐ.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളെ ദുബായ് പൊലീസ് ചോദ്യം ചെയ്തു.

ഫൈസലിന്റെ യു.എ.ഇ.യിലെ ഇടപാടുകള്‍ സംബന്ധിച്ചും എന്‍.ഐ.എ.വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇവര്‍ വഴി മുന്‍പും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്ന് എന്‍.ഐ.എ. കുരുതുന്നു. ഉന്നതരടക്കം നിരവധി പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

ഇതിനോടകം മൂന്നുവട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നാണ് വിവരം. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഫൈസല്‍.

ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍.ഐ.എ. സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. യു.എ.ഇയില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാനായിരുന്നു ഇത്.

ഇതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ കസ്റ്റംസ് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് നാളെയോ മറ്റന്നാളോ കൊച്ചിയില്‍ എത്തിക്കും. അരുണ്‍ ബാലചന്ദ്രന്റെ ചോദ്യം ചെയ്യലും ഈ ആഴച നടക്കും.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment