സെക്രട്ടേറിയറ്റില്‍ എം.ശിവശങ്കര്‍ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങള്‍; പരീക്ഷകളോ അഭിമുഖമോ ഇല്ലാതെ നിയമനം

തിരുവനന്തപുരം: ഐടി സെക്രട്ടറി ആയിരിക്കെ എം.ശിവശങ്കര്‍ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങള്‍. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ശിവശങ്കര്‍ വഴി താത്കാലിക നിയമനം നേടിയവര്‍ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് വരെ ഉപയോഗിക്കുന്നുണ്ട്.

ഇത്തരത്തില്‍ രണ്ടു പേരുടെ വിവരങ്ങള്‍ പുറത്തുവന്നു. ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. നിരഞ്ജന്‍ ജെ.നായര്‍, കവിത സി പിള്ള എന്നിവരെയാണ് ഈ തസ്തികയില്‍ നിയമിച്ചിട്ടുള്ളത്. ശിവശങ്കര്‍ ഐടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇവരെ നിയമിക്കുന്നത്.

സാധാരണഗതിയില്‍ ഐടിയുമായി ബന്ധപ്പെട്ട ആളുകളുടെ ആവശ്യം വരുമ്പോള്‍ സിഡിറ്റില്‍ നിന്നോ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ ജീവനക്കാരെ സെക്രട്ടറിയേറ്റിലേക്ക് വിളിക്കുകയാണ് പതിവ്. ഈ പതിവ് മാറ്റിയാണ് ശിവശങ്കര്‍ തനിക്കിഷ്ടമുള്ളവരെ വിളിച്ച് താത്കാലിക നിയമനം നല്‍കിയിരിക്കുന്നത്. യാതൊരു പരീക്ഷകളോ മറ്റോ നടത്താതെയായിരുന്നു ഇത്.

ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകൂ. എന്നാല്‍ ശിവശങ്കര്‍ നിയോഗിച്ച താത്കാലിക ജീവനക്കാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര വിസിറ്റിങ് കാര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്. നിരവധി വര്‍ഷം സര്‍വീസുള്ള സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്നിരിക്കെയാണിത്.

മറ്റു സംസ്ഥാനങ്ങളിലടക്കം നിരവധി ടൂറുകളും ഈ താത്കാലിക ജീവനക്കാര്‍ നടത്തിയിട്ടുണ്ട്. ചിലത് കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ചും മറ്റു ചിലത് തന്നിഷ്ടപ്രകാരവുമാണ് ശിവശങ്കര്‍ നിയമനങ്ങള്‍ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7