‘മാസ്ക്കിട്ട’ ഹെയർസ്റ്റൈലിസ്റ്റ് വിജയഗാഥ; കോവിഡ് പകരാതെ 139 പേര്‍ രക്ഷപ്പെട്ടത് ഇങ്ങനെ!

‘‘ജീവന്‍റെ വിലയുള്ള ജാഗ്രതയാണ് ഈ ഘട്ടത്തില്‍ അനിവാര്യം. അത് ഉള്‍ക്കൊള്ളാത്ത ചില ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ട് ചിലയിടങ്ങളില്‍ കണ്ടത്. ചില സ്ഥലങ്ങളില്‍ ജാഗ്രതയെ കാറ്റില്‍പ്പറത്തുന്ന തരത്തിലുള്ള തിക്കും തിരക്കുമുണ്ടായി. അതൊരിക്കലുമുണ്ടാകാന്‍ പാടില്ലായിരുന്നു. പ്രതിരോധമാണ് പ്രധാനം.’’ – കഴിഞ്ഞ ദിവസം എൻജിനീയറിങ് പ്രവേശനപരീക്ഷ നടത്തിയ തിരുവനന്തപുരത്തെ ചില സ്കൂളുകളിൽ പലരും അകലം പാലിക്കാത്ത വാർത്തകൾ പരാമർശിച്ചാണ് പ്രതിദിന കോവിഡ് അവലോകന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ പറഞ്ഞത്. കൃത്യമായ രീതിയിൽ മാസ്ക് ധരിച്ചാൽ വലിയ വിപത്ത് തടയാനാകുമെന്ന വിവരവും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉദാഹരിച്ചു. യുഎസിലെ ‘ഗ്രേറ്റ് ക്ലിപ്സ്’ എന്ന ഷോപ്പിലെ രണ്ടു ഹെയർസ്റ്റൈലിസ്റ്റുകളെ പരാമർശിച്ചായിരുന്നു ഇത്.

‘‘നമ്മുടെ ശ്രദ്ധകൊണ്ട് എന്തൊക്കെ നേടാനാകുമെന്ന് ഇന്നു വന്ന ഒരു പഠനം തെളിയിക്കുന്നുണ്ട്. അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പുറത്തിറക്കിയ മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്‌ലി റിപ്പോര്‍ട്ടിലാണ് പ്രസക്തമായ ഈ പഠന റിപ്പോര്‍ട്ടുള്ളത്. മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ്ഫീല്‍ഡ് നഗരത്തിലെ ഒരു സലൂണില്‍ പണിയെടുത്ത കോവിഡ് ബാധിതരായ രണ്ടു ഹെയര്‍ സ്റ്റൈലിസ്റ്റുകളെക്കുറിച്ചാണ് പഠനം. മേയ് പകുതിയോടെ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇരുവരും രോഗബാധ സ്ഥിരീകരിക്കുന്നതു വരെ ജോലിയില്‍ തുടര്‍ന്നു.

ഇതിനിടയില്‍ 139 പേരാണ് ആ സലൂണിലെത്തി ഇവരുടെ സേവനങ്ങള്‍ സ്വീകരിച്ചത്. ശരാശരി 15 മിനിറ്റാണ് ഓരോ ആളിനുമൊപ്പം ഇവര്‍ ചെലവഴിച്ചത്. രോഗബാധിതരായ ഹെയര്‍ സ്റ്റൈലിസ്റ്റുകളുമായി അടുത്തിടപഴകിയിട്ടും ഈ 139 പേര്‍ക്കും രോഗം വന്നില്ല. അതിനുള്ള കാരണമായി പഠനത്തില്‍ പറയുന്നത് ഹെയര്‍ സ്റ്റെലിസ്റ്റുകളും മുടിവെട്ടാനെത്തിയവരും കൃത്യമായി മാസ്ക് ധരിച്ചിരുന്നു എന്നതാണ്. അവരില്‍ പകുതിപേരും ധരിച്ചത് സാധാരണ തുണി മാസ്കുകളാണ്. ബാക്കി ഏറെപ്പേരും ത്രീലെയര്‍ മാസ്കാണ് ധരിച്ചത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇതില്‍ ഒരു ഹെയല്‍ സ്റ്റെലിസ്റ്റിന്‍റെ കുടുംബത്തിന് മുഴുവന്‍ രോഗബാധയുണ്ടായി.

ഇതില്‍ നിന്ന് വ്യക്തമാകുന്നത് അടുത്തിടപഴകുന്ന ഘട്ടങ്ങളില്‍ കൃത്യമായി മാസ്ക് ധരിച്ചാല്‍ രോഗം പടരുന്നത് ഏറെക്കുറെ പൂര്‍ണമായും തടയാനാകും എന്നാണ്. ഈയൊരു ചെറിയ മുന്‍കരുതല്‍ നടപടി വലിയ വിപത്തില്‍ നിന്നു നമ്മെ പ്രതിരോധിക്കുമെങ്കില്‍ ആ പ്രതിരോധവുമായി മുന്നോട്ടു പോകുന്നതാണ് ബുദ്ധി. ഇക്കാര്യത്തില്‍ പരസ്പരം പ്രേരിപ്പിക്കാനും കഴിയണം. – വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിവരിച്ചതിങ്ങനെ.

മിസ്സൂറി സംസ്ഥാനത്തെ സ്പ്രിങ്ഫീല്‍ഡ് നഗരത്തിലെ ‘ഗ്രേറ്റ് ക്ലിപ്സ്; എന്ന ഷോപ്പിലെ രണ്ട് വനിതാ ഹെയർസ്റ്റൈലിസ്റ്റുകളുടെ ഈ ‘മാസ്ക് വിജയകഥ’ ഇതിനകം തന്നെ യുഎസ് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിൽ ആദ്യത്തെ ഹെയർസ്റ്റൈലിസ്റ്റിന് മേയ് 12 നാണ് ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ തുടങ്ങിയത്. എന്നാൽ മേയ് 20 വരെ അവർ ഷോപ്പിൽ പ്രവർത്തനനിരതയായിരുന്നു. ഐസലേഷനിൽ പോകാൻ മേയ് 18 ന് ആരോഗ്യപ്രവർത്തകർ നൽകിയ നിർദ്ദേശം ലംഘിച്ചാണ് ഇവർ രണ്ടു ദിവസം കൂടി ഷോപ്പിലെത്തിയത്. മേയ് 20 ന് കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ ഇവർ ഐസലേഷനിലായി.

ഈ രോഗിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്നതായി സംശയിക്കുന്ന രണ്ടാമത്തെ ഹെയർസ്റ്റൈലിസ്റ്റിന് മേയ് 15 നാണ് രോഗലക്ഷണം തുടങ്ങിയത്. ആദ്യത്തെ രോഗിക്ക് കോവിഡ് പോസ്റ്റീവ് വന്ന മേയ് 20ന് ഇവരും ഐസലേഷനിലായി. മേയ് 22 ന് ഇവരുടെ ഫലവും പോസിറ്റീവായി. ഇതിൽ ഇരുവരും കൃത്യമായി മാസ്ക് ധരിച്ചതാണ് ഷോപ്പിലെ സന്ദർശകർക്കു തുണയായത്. ഇക്കാലയളവിൽ ഇവരുടെ ഷോപ്പിൽ എത്തിയ 139 പേരും കോവിഡ് നെഗറ്റീവായെന്നതാണ് ഇതിന് ഏറെ വാർത്താപ്രാധാന്യം നൽകിയത്.

ആദ്യ ഹെയർസ്റ്റൈലിസ്റ്റ് ഡബിൾ ലെയർ മാസ്ക്കാണ് ഉപയോഗിച്ചുവന്നത്. രണ്ടാമത്തെ ഹെയർസ്റ്റൈലിസ്റ്റാകട്ടെ ഡബിൾ ലെയർ മാസ്ക്കും സർജിക്കൽ മാസ്ക്കും മാറിമാറി ഉപയോഗിച്ചു. അരമണിക്കൂറിലേറെ വീതം ഇവർക്കൊപ്പം ചെലവഴിച്ച ഷോപ്പിലെ സന്ദർശകർക്കാർക്കും കോവിഡ് വന്നില്ല. മാസ്ക് ധരിക്കണമെന്ന നിബന്ധന ഷോപ്പിലെത്തിയവർ പാലിച്ചതും രക്ഷയായി. 21 മുതൽ 93 വയസ്സുവരെയുള്ളവരാണ് ഷോപ്പിൽ ഇക്കാലയളവിലെ സന്ദർശകപ്പട്ടികയിൽ ഉൾപ്പെട്ടത്. ഇവർക്കൊപ്പം ക്വാറന്റീനിൽ പോയ ഷോപ്പിലെ മറ്റ് ജീവനക്കാർക്കും പിന്നീട് പരിശോധനാഫലം നെഗറ്റീവായതാണ് മാസ്ക്കിന്റെ പ്രഭാവം ഉറപ്പാക്കിയത്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular