തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ദിവസങ്ങളില്‍ ഇതിനുള്ള പ്രഖ്യാപനം വേണ്ടിവരുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പിലാക്കാന്‍ തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. രണ്ടാമത്തെ സോണ്‍ പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയും മൂന്നാമത്തെ സോണ്‍ വിഴിഞ്ഞം മുതല്‍ ഊരമ്പ് വരെയുമാണ്. തീരമേഖലകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ ബെല്‍റാം കുമാര്‍ ഉപാധ്യായയ്ക്കാണ് ഇതിന്റെ ചുമതല. സോണുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. ആരോഗ്യ വകുപ്പ്, പോലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഇവയെല്ലാം സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനാണ്. വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെഇ ബൈജുവിനാണ്. കാഞ്ഞിരങ്കുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പോലീസ് ട്രെയ്‌നിങ് കോളേജ് പ്രിന്‍സിപ്പല്‍ കെഎല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരേയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഇതിനായി വിനിയോഗിക്കാം.

ഓരോ സോണിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ വീതം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയമിക്കും. സോണ്‍ ഒന്നില്‍ ഹരികിഷോര്‍, യുവി ജോസ്. സോണ്‍ രണ്ട് എംജി രാജമാണിക്യം, ബാലകിരണ്‍. സോണ്‍ മൂന്ന് വെങ്കിടേശപതി, ബിജു പ്രഭാകര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കുമാണ് ചുമതല. ഇതിന് പുറമേ ആവശ്യം വരുകയാണെങ്കില്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരേടെയും സേവനം വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തീരമേഖലകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ യാത്ര അനുവദിക്കുകയുള്ളു. ഇവിടെങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും

തീരമേഖലയില്‍ ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയം തുറക്കും.
മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കും.
പൂന്തുറയിലെ പാല്‍ സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം തുടരും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.
ഫസ്റ്റ്‌ലൈന്‍ ട്രീന്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular