24 മണിക്കൂറിനകം 16,642 സാംപിളുകള്‍ പരിശോധിച്ചു; 1,78,481 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് കണക്കുകള്‍ ആശങ്കാജനകമായി ഉയര്‍ന്നുതന്നെ. 791 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. തീരമേഖലയില്‍ രോഗവ്യാപനം രൂക്ഷം. 133 പേരാണു രോഗമുക്തി നേടിയത്.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്കാണ്. 532 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴിയാണു രോഗം വന്നത്. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 135, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 98. ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്എസ്‌സി 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധനാ റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടില്ല.
രോഗബാധിതർ ജില്ല തിരിച്ച്

തിരുവനന്തപുരം 246

എറണാകുളം 115

പത്തനംതിട്ട 87

ആലപ്പുഴ 57

കൊല്ലം 47

കോട്ടയം 39

തൃശൂർ 32

കോഴിക്കോട് 32

കാസർഗോഡ് 32

പാലക്കാട് 31

വയനാട് 28

മലപ്പുറം 25

ഇടുക്കി 11

കണ്ണൂർ 9

അതീവ ഗൗരവമുള്ള കാര്യമാണ് ആദ്യമേ പങ്കുവയ്ക്കാനുള്ളത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ അതീവ ഗുരുതരമായ സാഹചര്യം. തീരമേഖലയില്‍ അതിവേഗമാണു രോഗവ്യാപനം. കരിങ്കുളം പഞ്ചായത്തില്‍ പുല്ലുവിളയില്‍ 97 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 51 പോസിറ്റീവ് ആണ്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പോസിറ്റീവ്. പുതുക്കുറിശിയില്‍ 75 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 20 എണ്ണം പോസിറ്റീവ് ആയി.

രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനത്തില്‍ എത്തിയെന്നു വിലയിരുത്തുന്നു. ഗുരുതരമായ സ്ഥിതി നേരിടാന്‍ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. കഴിഞ്ഞ 24 മണിക്കൂറിനകം 16,642 സാംപിളുകള്‍ പരിശോധിച്ചു. 1,78,481 പേരാണ് നിരീക്ഷണത്തില്‍. 6124 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 1152 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6029 പേര്‍ ചികിത്സയിലുണ്ട്.

>ആകെ 2,75,900 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 7610 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സില്‍ 88,903 സാംപിളുകള്‍ ശേഖരിച്ചു. 84,454 സാംപിളുകള്‍ നെഗറ്റീവായി. കേരളത്തിലെ ഹോട്‌സ്‌പോട്ട് 205. ഇന്ത്യയില്‍ പത്ത് ലക്ഷത്തിലധികം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 35,468 പുതിയ കേസുകള്‍. മരണം 680.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 4549 പുതിയ കേസുകളും 69 മരണങ്ങളും. കര്‍ണാടകയില്‍ 4169 പുതിയ കേസും 104 മരണങ്ങളും. ഡല്‍ഹിയില്‍ 1652 പുതിയ കേസ്, 58 മരണം. എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് ഉള്ളതെന്നാണ് ഇതു കാണിക്കുന്നത്. ഇവിടെയും മറ്റൊരു ഘട്ടത്തിലേക്കു കടക്കുകയാണ്.

സംസ്ഥാനത്ത് ഗുരുതര രോഗവ്യാപനം നിലനില്‍ക്കുന്ന ജില്ലയെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ഇന്ന് പോസിറ്റീവ് ആയ 246 കേസുകളില്‍ 2 പേര്‍ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. 237 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു. 4 ആരോഗ്യ പ്രവര്‍ത്തകര്‍. മൂന്ന് പേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണമാണ്. തീരപ്രദേശങ്ങളില്‍ പൂര്‍ണമായും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരും. ഇന്ന് അതു പ്രഖ്യാപിക്കുന്നില്ല. പക്ഷേ നാളെ അത് വേണ്ടിവരും.

ഇത് ഫലപ്രദമായി നടപ്പാക്കാന്‍ തീരമേഖലയെ മൂന്ന് സോണായി തിരിക്കുന്നു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ 2, വിഴിഞ്ഞം മുതല്‍ ഊരമ്പ് വരെ മൂന്നാം സോണ്‍. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. ഈ സംവിധാനത്തിന്റെ ചുമതലയിലുള്ള സ്‌പെഷല്‍ ഓഫിസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും.

ഇതിന് പ്രത്യേക കണ്‍ട്രോള്‍ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പ്, പൊലീസ്, കോര്‍പറേഷന്‍, പഞ്ചായത്ത് ഇവയെല്ലാം സംയുക്തമായി പ്രതിരോധ പ്രവര്‍ത്തനം നടത്തും. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി.കൃഷ്ണകുമാറിനും വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി എ.ഇ.ബൈജുവിനുമാണ്.

കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ.എല്‍.ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്ന് മേഖലകളിലേക്കും ഡിവൈഎസ്പിമാരെയും നിയമിച്ചു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും വിനിയോഗിക്കും. ഇതോടൊപ്പം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വേറെയും ഉണ്ടാകും. സോണുകളില്‍ ഓരോന്നിലും 2 മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍മാരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും. സോണ്‍ 1– ഹരികിഷോര്‍, യു.വി.ജോസ്, സോണ്‍ 2– എം.ജി.രാജമാണിക്യം, ബാലകിരണ്‍, സോണ്‍ 3– വെങ്കിടേശ പതി, ബിജു പ്രഭാകര്‍.

ഇതിനു പുറമേ ആവശ്യം വരികയാണെങ്കില്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരുടെ സേവനവും വിനിയോഗിക്കും. ഇതോടൊപ്പം ആരോഗ്യകാര്യങ്ങളെല്ലാം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍തന്നെ നടക്കും. തീരമേഖലയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്ത് തുറക്കും. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിക്കും. പൂന്തുറയില്‍ പാല്‍ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അതു തുടരും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നതുതന്നെയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര പാടുള്ളൂ. അതേ അനുവദിക്കൂ. അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്. പൊതുവേ തീരദേശ മേഖലയില്‍ ആളുകള്‍ സഞ്ചരിക്കും. ഈ പ്രത്യേക സാഹചര്യത്തില്‍ അതും ഒഴിവാക്കണം. കരിങ്കുളം പ!ഞ്ചായത്തില്‍ ഇന്നു രാവിലെ മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്തി.

പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാകുകയും പഞ്ചായത്തില്‍ 150 ല്‍ ആധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകളില്‍ എല്ലാ വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ പൗഡിക്കോണം, ഞാണ്ടൂര്‍കോണം, കരകുളം പഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണിലാക്കി.

പത്തനംതിട്ട ജില്ലയില്‍ 87 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 51 പേര്‍ക്കു സമ്പര്‍ക്കം മൂലമാണ്. അഞ്ച് പേരുടെ ഉറവിടം അറിയില്ല. കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് കുമ്പഴ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററും തിരുവല്ലയിലെ തുകലശേരി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററുമാണുള്ളത്. കുമ്പഴയില്‍ 456 റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 46 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 518 ആന്റിജന്‍ ടെസ്റ്റുകളാണു നടത്തിയത്. ഇതില്‍ 73 എണ്ണം പോസിറ്റീവ് ആയി.

ആലപ്പുഴയില്‍ സമ്പര്‍ക്കം മൂലം 46 പേര്‍ക്കു രോഗം ബാധിച്ചു. കായംകുളം, കുറത്തിക്കാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളിലാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ ആരോഗ്യ സ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. നൂറനാട് ഐടിബിപി ക്യാംപില്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ 3 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് ആശുപത്രികളും ഏറ്റെടുത്തു. ഐടിബിപി ഉദ്യോഗസ്ഥരുടെ ബാരക്ക് പൂര്‍ണമായും ഒഴിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7