സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ് ; ശിവശങ്കറുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് കൈമാറി

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നതു ജലാലും സന്ദീപും റമീസുമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്ക് ലാഭവിഹിതം നല്‍കുന്നതും ജലാലാണ്

സ്വര്‍ണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്തിന് പണമിറക്കിയവരില്‍ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ട്.

അതേസമയം, ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ നേരിട്ടു പങ്കുള്ളതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു കസ്റ്റംസ്. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടികളിലേക്കു കടന്നാല്‍ മതിയെന്നാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ശിവശങ്കറുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് കൈമാറി. ഇന്നലെ കസ്റ്റംസ് സംഘം 9 മണിക്കൂര്‍ ശിവശങ്കറിന്റെ മൊഴിയെടുത്തിരുന്നു.

സ്വപ്നയുമായി വര്‍ഷങ്ങളായി പരിചയമുണ്ടെന്നാണ് ശിവശങ്കറിന്റെ മൊഴി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലായിരുന്നു പരിചയം. കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്‌ലാറ്റില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനടുത്തുള്ള തന്റെ ഫ്‌ലാറ്റില്‍ സ്വപ്നയും വന്നിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളിലെ റസ്റ്ററന്റുകളില്‍ സ്വപ്നയ്ക്കും ഭര്‍ത്താവിനുമൊപ്പം പോയിട്ടുണ്ട്.

മാധ്യമങ്ങളില്‍ തന്റേതായി പ്രചരിക്കുന്ന ഫോട്ടോകള്‍ സ്വപ്നയുടെ കുടുംബത്തില്‍ നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോയാണെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തു സംഘവുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നു കരുതിയിരുന്നില്ല. സ്വപ്നയ്ക്കു ജോലി ലഭിക്കുന്നതിനായി ഇടപെട്ടിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

ഇതിനിടെ, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. എം.ശിവശങ്കര്‍ കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ജോലി ചെയ്തിരുന്നത് ഇതിനു കീഴിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular