കേരളത്തില്‍ കുതിച്ചുകയറുന്ന കോവിഡ് രോഗികളുടെ കണക്കിനൊപ്പം ആശങ്കയുണര്‍ത്തി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ കണക്കുകളും. ഒന്‍പത് അതിര്‍ത്തി ജില്ലകളില്‍ മാത്രം 5700 ലേറെപ്പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, വിരുതനഗര്‍, തേനി, ദിണ്ടിഗല്‍, തിരുപ്പൂര്‍, കോയമ്പത്തൂര്‍, നീലഗിരി എന്നീ ജില്ലകളുമായാണ് കേരളം അതിര്‍ത്തി പങ്കിടുന്നത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള ഏകദേശ കണക്കുകള്‍ പ്രകാരം ഈ ജില്ലകളില്‍ മാത്രം ഇതിനകം 72 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. (വിശദമായ കണക്ക് ഇതോടൊപ്പമുള്ള പട്ടികയില്‍). ഈ ഒന്‍പതു ജില്ലകളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം നിലവില്‍ 5,714 ആണ്.
കേരളത്തിന്റെ അതിര്‍ത്തി ജില്ലയല്ലെങ്കിലും മധുര ജില്ലയിലെ കണക്കുകള്‍ അല്‍പം കൂടി ഉയര്‍ന്നതാണ്. മധുര ജില്ലയില്‍ മാത്രം കോവിഡ് രോഗബാധിതരായ 116 പേരുടെ മരണമാണ് ഇതിനകം രേഖപ്പെടുത്തിയത്. മധുരയില്‍ 3372 കോവിഡ് രോഗികളാണുള്ളത്. ഇവിടെ ഇതുവരെ 6978 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ 2,590 പേര്‍ക്ക് രോഗം ഭേദമായെന്നതാണ് ആശ്വാസവാര്‍ത്ത.
കേരളത്തിനു ചുറ്റുമുള്ള തമിഴ്‌നാട് ജില്ലകളില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട സ്ഥിതിയുള്ളത് നീലഗിരിയില്‍ മാത്രമാണ്. എന്നാല്‍ അവിടെയും നിലവില്‍ 89 രോഗബാധിതരുണ്ട്. കേരളത്തിലെ കോവിഡ് കണക്കുകള്‍ക്കൊപ്പം അതിര്‍ത്തികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ആവശ്യകത കൂടിയാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
കേരളത്തില്‍ രോഗവ്യാപനം ഏറുന്ന തിരുവനന്തപുരം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കന്യാകുമാരി ജില്ലയില്‍ ദിവസവും നൂറിലേറെപ്പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. കമ്പോളങ്ങള്‍ കേന്ദ്രീകരിച്ചും തീരദേശ മേഖലയിലുമാണ് കൂടുതല്‍ പേര്‍ക്കു കോവിഡ് ബാധിച്ചതെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. മാര്‍ച്ച് അവസാനത്തോടെയാണ് കന്യാകുമാരി ജില്ലയില്‍ ആദ്യ കോവിഡ് രോഗി ചികില്‍സയ്ക്കായി എത്തിയത്. മേയ് തുടക്കത്തില്‍ രോഗികളുടെ എണ്ണം 16 ആയിരുന്നു.
മേയ് അവസാനത്തോടെ ജില്ലയില്‍ എണ്ണായിരത്തോളം പേരുടെ സാംപിള്‍ പരിശോധിച്ചപ്പോള്‍ 35 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ പകുതിയോടെ ഇത് 150 കടന്നു. ജൂണ്‍ അവസാനമായപ്പോള്‍ രോഗികളുടെ എണ്ണം 500 ആയി. ജൂലൈ പകുതിയാകുമ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം 1306 ആണ്. ഇതില്‍ 457 പേര്‍ക്കു മാത്രമാണ് രോഗം ഭേദമായത്. മരിച്ചവരുടെ എണ്ണം ആറായി. രോഗവ്യാപനം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ജൂണ്‍ 30ന് ബസ് സര്‍വീസ് നിര്‍ത്തിവച്ചു.
കേരള അതിര്‍ത്തിയായ കളിയിക്കാവിളയ്ക്കു ചേര്‍ന്നു കിടക്കുന്ന മാര്‍ത്താണ്ഡത്തിനൊപ്പം നാഗര്‍കോവില്‍, കരുങ്കല്‍ ചന്തകളും കോട്ടാര്‍ കമ്പോളവുമാണ് കോവിഡ് വ്യാപനകേന്ദ്രങ്ങളായി വിലയിരുത്തപ്പെട്ടത്. പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെ 41 കാരിയായ റിസപ്ഷനിസ്റ്റിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തമിഴ്‌നാട്ടുകാരായ നിരവധിപേര്‍ ചികില്‍സ തേടിയെത്തുന്ന ആശുപത്രിയായതിനാല്‍ അതിര്‍ത്തി കടന്നെത്തിയ കോവിഡ് രോഗബാധയാകാം ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കേരള അതിര്‍ത്തിക്കു സമീപം കോഴിവിളയിലെ ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ഥി ക്യാംപില്‍ തിങ്കളാഴ്ച നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്യാംപിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 74 ആയി.
follow us: PATHRAM ONLINE LATEST NEWS