സ്വര്‍ണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാല്‍

കൊച്ചി: ഇന്നലെ കസ്റ്റംസ് ഓഫിസിലെത്തി കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാല്‍ വര്‍ഷങ്ങളായി കേരള പൊലീസും കസ്റ്റംസും അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി. രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണ് കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു പുറമേ ചെന്നൈ, മുംബൈ, ബെംഗളുരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ അന്വേഷണത്തിന്റെ മുന തന്നിലേയ്ക്ക് നീളുന്നത് തിരിച്ചറിഞ്ഞാണ് ഇന്നലെ രണ്ടു പേര്‍ക്കൊപ്പം കസ്റ്റംസ് ഓഫിസിലെത്തി ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയത്.

നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാക്കപ്പെട്ട സംഭവത്തിലും ജലാലിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇദ്ദേഹത്തെ തിരഞ്ഞിരുന്നു. രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി ജലാല്‍ അഞ്ചു കിലോ സ്വര്‍ണം കടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വിവിധ വിമാനത്താവളങ്ങളിലൂടെ ജലാല്‍ 60 കോടി രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം.

നിലവില്‍ പിടിയിലുള്ള മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസുമായി ജലാലിന് അടുത്തബന്ധമുണ്ടെന്ന് കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവിടെ എത്തുന്ന സ്വര്‍ണം എവിടെ, ആര്‍ക്ക് കൈമാറണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ളത് ഇവര്‍ക്ക് രണ്ടു പേര്‍ക്കുമാണ്. അതുകൊണ്ടു തന്നെ ഇവരില്‍ എത്തിയ സ്വര്‍ണം ഏതു രീതിയില്‍ ചെലവഴിക്കപ്പെട്ടു എന്നതിനെക്കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗിലൂടെ കൊണ്ടു വന്ന സ്വര്‍ണം റമീസ് എന്നയാള്‍ക്ക് കൈമാറാനുള്ളതായിരുന്നു എന്നാണ് അറിയുന്നത്. അതു പേലെ നേരത്തെ കടത്തിക്കൊണ്ടുവന്ന 27 കിലോ സ്വര്‍ണം റമീസിന് ലഭിച്ചിട്ടില്ലെന്നാണ് മൊഴി. അങ്ങനെയെങ്കില്‍ ഈ സ്വര്‍ണം എവിടെ പോയെന്നും കണ്ടെത്തേണ്ടതുണ്ട്. സന്ദീപിനെയും സ്വപ്നയെയും ചോദ്യം ചെയ്യുന്നതിലൂടെ ഇതിനെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7