തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചു. എയര്‍ ഇന്ത്യാ സാറ്റ്‌സിലെ ജീവനക്കാരിയായിരിക്കെ ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ വ്യാജ കത്ത് തയാറാക്കിയ കേസില്‍ വലിയതുറ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തതോടെയാണ് സ്വപ്നയെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്.
എയര്‍ ഇന്ത്യ സാറ്റ്‌സ് കേസില്‍ പെണ്‍കുട്ടികളെ ആള്‍മാറാട്ടം നടത്തി ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിലെത്തിച്ചത് സ്വപ്നയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ഉന്നതബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നു. പിന്നീട് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയപ്പോഴും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായി.
പഴയകേസുകള്‍ ഓര്‍മപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. സ്വപ്ന താമസിച്ചിരുന്ന പഴയ ഫ്‌ലാറ്റില്‍ സെക്യൂരിറ്റിയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിന് പരാതി ലഭിച്ചെങ്കിലും ഇത് ഒതുക്കി തീര്‍ത്തകാര്യവും രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളും ഉന്നത ബന്ധങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് സ്വപ്ന ഐടി വകുപ്പിനു കീഴിലുള്ള സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലിക്കെത്തുന്നത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇവര്‍ നിറഞ്ഞു നിന്നതോടെ ഇവരുടെ നീക്കങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചു. നിഗൂഢത നിറഞ്ഞ വനിതയെന്ന വിശേഷണത്തോടെ പഴയ സംഭവങ്ങള്‍ ഓര്‍മിപ്പിച്ച് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല.
follow us pathramonline