വാഷിങ്ടൻ: കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനുള്ളിൽ 2,30,370 കേസുകൾ റിപ്പോർട്ട് ചെയ്തെന്നു വെളിപ്പെടുത്തിയ ലോകാരോഗ്യ സംഘടന രോഗം പടരുന്നതിലുള്ള ആശങ്ക പങ്കുവച്ചു. ഇതിനു മുൻപ് ഒറ്റദിവസം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ജൂലൈ 10 നായിരുന്നു– 2,28,102 രോഗികൾ.
ലോകത്തെ മൊത്തം മരണസംഖ്യ ഏതാനും ദിവസങ്ങളായി 5,000 ൽ തുടരുകയാണെങ്കിലും യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ രോഗം പടരുകയാണ്.
ലോകമെമ്പാടുമുള്ള കോവിഡ് രോഗികളുടെ എണ്ണം 1.3 കോടിയായി. 75.3 ലക്ഷം പേർ രോഗവിമുക്തരായപ്പോൾ 5.7 ലക്ഷത്തോളം പേർ മരിച്ചു. രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും യുഎസ്, ബ്രസീൽ എന്നിവ ആദ്യ രണ്ടു സ്ഥാനങ്ങളിൽ തുടരുന്നു. രോഗികളുടെ എണ്ണം: യുഎസ്– 33.8 ലക്ഷം, ബ്രസീൽ– 18.4 ലക്ഷം. മരണസംഖ്യ: യുഎസ്–1.37 ലക്ഷം, ബ്രസീൽ 71,500.