35 കുരുന്നുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയ ; സുനില്‍ ഗാവസ്‌കര്‍ 71-ാം ജന്മദിനം ആഘോഷിച്ചത് ഇങ്ങനെ

നന്മയുടെ 71-ാം പിറന്നാല്‍. ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗാവസ്‌കര്‍ ഇന്ന് 71–ാം ജന്മദിനമാഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റലിലെ 35 കുരുന്നുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഹൃദയ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവു താങ്ങാന്‍ നിര്‍വാഹമില്ലാത്ത മാതാപിതാക്കളുടെ കുരുന്നുകള്‍ക്കാണ് ഗാവസ്‌കറിന്റെ സഹായം. ഇന്ത്യയ്ക്കായി നേടിയ സെഞ്ചുറികളുടെ എണ്ണമെന്ന നിലയിലാണ് 35 കുരുന്നുകള്‍ക്ക് സഹായം എത്തിക്കാനുള്ള തീരുമാനം. കഴിഞ്ഞ വര്‍ഷവും ജന്മദിനത്തോട് അനുബന്ധിച്ച് ഗാവസ്‌കര്‍ സമാനമായ സഹായം പ്രഖ്യാപിച്ചിരുന്നു.

‘ഒരാള്‍ക്ക് സഹായിക്കാന്‍ കഴിയുന്ന മേഖലകള്‍ ഒട്ടനവധിയുണ്ടെങ്കിലും, കൊച്ചുകുട്ടികള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. എല്ലാ കുടുംബങ്ങളുടെയും സന്തോഷം കുഞ്ഞുങ്ങളാണ്. സുന്ദരമായൊരു ഭാവിയിലേക്കുള്ള പ്രതീക്ഷ കൂടിയാണ് അവര്‍’ – ടൈംസ് ഓഫ് ഇന്ത്യയുമായി സംസാരിക്കവെ ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

‘ഇന്ത്യയില്‍ ജന്മനായുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലാണെന്നത് സങ്കടകരമാണ്. ഒട്ടേറെപ്പേര്‍ക്ക് അതിനെ അതിജീവിക്കാനോ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനോ അവസരമില്ല. അവരില്‍ ഒട്ടേറെപ്പേര്‍ തീര്‍ത്തും പാവപ്പെട്ടവരാണ്. നമ്മുടെ രാജ്യത്ത് അത്തരക്കാര്‍ക്കുള്ള കരുതല്‍ തീരെ കുറവും. ഞാന്‍ കൂടി ഭാഗഭാക്കായ ഹാര്‍ട്ട് ടു ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഇത്തരം കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നതാണ്’ – ഗാവസ്‌കര്‍ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം 600 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കു സാമ്പത്തികസഹായം തേടി ഗാവസ്‌കര്‍ യുഎസ് പര്യടനം നടത്തിയിരുന്നു. ജന്മനാ ഹൃദയത്തകരാറുള്ള 600 കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിയായിരുന്നു ഇത്. ഗാവസ്‌കര്‍ ഉള്‍പ്പെട്ട ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് (എച്ച്2എച്ച്) ഫൗണ്ടേഷന്റേതായിരുന്നു സഹായപദ്ധതി.

1949 ജൂലൈ 10നു മുംബൈയിലാണു ഗാവസ്‌കറുടെ ജനനം. രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ റണ്‍മഴകൊണ്ട് അനുഗ്രഹിച്ച ഇതിഹാസ താരമാണു സുനില്‍ മനോഹര്‍ ഗാവസ്‌കര്‍. 1970–കളിലും എണ്‍പതുകളിലും ബാറ്റുകൊണ്ട് ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ‘സണ്ണി,’ ടെസ്റ്റ് കരിയറിലുടനീളം സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ മറികടന്നത് മറ്റൊരു ഇതിഹാസമാണ്– സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.

ടെസ്റ്റില്‍ ആദ്യമായി 10,000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്‍, കൂടുതല്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ ബാറ്റ്‌സ്മാന്‍, ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച താരം എന്നീ ബഹുമതികള്‍ ഏറെക്കാലം ഗാവസ്‌കറിന്റെ പേരിലായിരുന്നു. 1971ലെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം. 125 ടെസ്റ്റുകളില്‍നിന്നായി 10,122 റണ്‍സ്, 34 സെഞ്ചുറി, 45 അര്‍ധസെഞ്ചുറി. 108 ഏകദിനം കളിച്ചതില്‍നിന്ന് 3092 റണ്‍സ്. 1983ല്‍ കിരീടം നേടിയത് ഉള്‍പ്പെടെ ആദ്യ 4 ലോകകപ്പുകളിലും ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

Follow us: pathram online to get latest news.

pathram:
Related Post
Leave a Comment