ഇന്ത്യ ക്രിക്കറ്റ് ലോകത്ത് ആവേശമായ എം.എസ്.ധോണിയെ ക്രീസില്‍ അവസാനമായി കണ്ടിട്ട് ഇന്ന് ഒരാണ്ട്. ധോണിയ്ക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനിയൊരു മടങ്ങിവരവുണ്ടോ എന്ന ഉത്തരമാവാത്ത ചോദ്യത്തിനും ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂലൈ 9ന് ഇംഗ്ലണ്ടില്‍ ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ വിജയ പ്രതീക്ഷയുടെ പടിവാതില്‍ക്കല്‍നിന്നു റണ്ണൗട്ടായി പുറത്തേക്കു നടന്ന ധോണി പിന്നെ മൈതാനത്തേക്കു മടങ്ങിയിട്ടില്ല.
ക്രിക്കറ്റിനെ പടിക്കു പുറത്തുനിര്‍ത്തി റാഞ്ചിയിലെ ഏഴേക്കര്‍ ഫാം ഹൗസിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കോവിഡിനും വളരെ മുന്‍പേ ‘സെല്‍ഫ് ക്വാറന്റീനി’ലായി ആരാധകരുടെ ‘തല’. 39ാം ജന്‍മദിനത്തില്‍ എംഎസ്ഡി എന്നതിനു മുംബൈ പൊലീസ് നല്‍കിയ ‘മെയിന്റെയ്ന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്’ എന്ന നിര്‍വചനംപോലെ ‘സാമൂഹിക അകല’വും പാലിക്കുന്നു.
ഭാര്യ സാക്ഷി സിങ്ങിന്റെയും മകള്‍ സിവയുടെയും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ മാത്രമാണ് ആ ജീവിതത്തില്‍ നിന്നു പുറത്തേക്കുള്ള ജാലകങ്ങള്‍. സഹതാരങ്ങള്‍ക്കുപോലും അജ്ഞാതമായ സ്വകാര്യ ജീവിതത്തിന്റെ ഹരത്തിലാണു ധോണി. ബാറ്റിങ് താളം ഉലഞ്ഞെങ്കിലും സമാനതകളില്ലാത്ത കീപ്പിങ് മികവും ഫിറ്റ്‌നസും ക്രിക്കറ്റ് ബുദ്ധിയും പരിചയസമ്പത്തും ചേരുമ്പോള്‍ ഇന്നും അമൂല്യമാണ് ഈ ‘തല’. ട്വന്റി20 ലോകകപ്പ് ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുമോ എന്നതായിരുന്നു ആകാംക്ഷ. അതിനുള്ള പരീക്ഷയായി കരുതിയ ഐപിഎല്‍, കോവിഡില്‍ മുങ്ങിയതോടെ വീണ്ടും അനിശ്തിത്വം. ധോണിയുടെ മനസ്സിലെന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കുപോലും ധാരണയില്ല.
റാഞ്ചിയിലെ പഴയ മൂന്നുനില വീട്ടില്‍നിന്നു 11 കിലോമീറ്റര്‍ അകലെ ‘കൈലാഷ്പതി’ എന്ന കൂറ്റന്‍ ഫാം ഹൗസിലാണു ധോണി കുടുംബത്തോടൊപ്പം ഇപ്പോള്‍ കഴിയുന്നത്. ഒപ്പം പ്രിയപ്പെട്ട 3 നായ്ക്കളുമുണ്ട്. ഇന്‍ഡോര്‍ സ്‌റ്റേഡിയവും നീന്തല്‍ക്കുളവും ജിംനേഷ്യവുമടക്കം എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണു ഫാം ഹൗസ്. വലിയ കൃഷിയിടവും സ്വന്തമാക്കിയിട്ടുണ്ട്.
ജൈവകൃഷിയാണ് ഇപ്പോഴത്തെ ഹരം. ജനുവരിയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മധ്യപ്രദേശിലെ കന്‍ഹ കടുവ സങ്കേതത്തിലേക്കും മാര്‍ച്ച് ആദ്യ മൂന്നാഴ്ച ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലന ക്യാംപിലേക്കു പോയതൊഴിച്ചാല്‍ റാഞ്ചിയില്‍ ഒതുങ്ങുകയാണു ധോണി.
കളിയില്‍നിന്നു വിരമിക്കുന്നതിനെക്കുറിച്ചു ധോണി ഇപ്പോള്‍ ചിന്തിക്കുന്നതായി തോന്നുന്നില്ലെന്നു ബാല്യകാല സുഹൃത്തും മാനേജരും എം.എസ്.ധോണി ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരനുമായ മിഹിര്‍ ദിവാകര്‍. ഐപിഎല്‍ നടക്കുമെന്ന പ്രതീക്ഷയില്‍ തയാറെടുപ്പിലാണു ധോണിയെന്നും അദ്ദേഹം പറഞ്ഞു. ‘വീണ്ടും കളിക്കാനായി കാത്തിരിക്കുകയാണു ധോണി. ഫിറ്റ്‌നസ് നന്നാക്കാനാണ് ഏറെയും ശ്രദ്ധിക്കുന്നത്. ക്രിക്കറ്റ് അക്കാദമി ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിനു മാര്‍ഗനിര്‍ദേശം തരുന്നുണ്ട്.
ജൈവകൃഷിയില്‍ വലിയ താല്‍പര്യമാണിപ്പോള്‍. സ്വന്തമായുള്ള 50 ഏക്കറോളം സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്. പപ്പായയും വാഴയും തണ്ണിമത്തനുമാണു കൃഷി. ഞങ്ങള്‍ക്കൊപ്പമുള്ള വിദഗ്ധ സംഘം തയാറാക്കിയ പുതിയൊരു ജൈവവളം അവിടെ പരീക്ഷിക്കുകയാണ്. അത് ഉടന്‍ ബ്രാന്‍ഡ് ചെയ്തു വിപണിയിലുമെത്തിക്കും’ മിഹിര്‍ പറഞ്ഞു.
follow us: PATHRAM ONLINE