മഹസര്‍ തയാറാക്കിയ ശേഷം ഇന്‍ക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫര്‍ക്കു തോന്നിയ സംശയം യുവാവിനു നല്‍കിയതു പുതുജീവന്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സുമായി എത്തിയ പൊലീസ് തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. കാഷ്ലെസ് ഇന്‍ഷുറന്‍സ് സൗകര്യം ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതിക്കൊടുത്ത ശേഷം അവിടെ നിന്ന് ഇറങ്ങിയ പാലക്കാട് സ്വദേശി ഇപ്പോള്‍ എവിടെയെന്നു വ്യക്തമല്ല. തൃക്കാക്കരയിലെ ആശുപത്രിയിലേക്കു പോകുന്നു എന്നാണ് ഫൊറന്‍സിക് വിഭാഗം ഡോക്ടറോടു പറഞ്ഞത്. എന്നാല്‍, അവിടെ എത്തിയിട്ടില്ല.
കുപ്പിവെള്ള നിര്‍മാണ കമ്പനിയില്‍ ഡ്രൈവറായ ഇദ്ദേഹം എടത്തല ആനക്കുഴിയില്‍ ഒരു വീടിനോടു ചേര്‍ന്നുള്ള മുറി വാടകയ്‌ക്കെടുത്താണു താമസിച്ചിരുന്നത്. 2 ദിവസം ആളെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു കെട്ടിടം ഉടമ നോക്കിയപ്പോള്‍ വാതില്‍ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. ഏറെനേരം തട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഒടുവില്‍ നാട്ടുകാരെ വിളിച്ചുകൂട്ടി വാതില്‍ ചവിട്ടിത്തുറന്നു. മരക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ്.
കെട്ടിട ഉടമ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി. മരണം ‘സ്ഥിരീകരിച്ച’തിനാല്‍ ഇന്‍ക്വസ്റ്റ് തയാറാക്കാനുള്ള നടപടി തുടങ്ങി. ഫൊട്ടോഗ്രഫറെ പൊലീസ് തന്നെ കൊണ്ടുവന്നിരുന്നു. കമഴ്ന്നു കിടന്ന ശരീരം ചിത്രങ്ങള്‍ പകര്‍ത്താന്‍ നിവര്‍ത്തി കിടത്തിയപ്പോഴാണ് ജീവന്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നു സംശയം തോന്നിയത്. കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. മദ്യപിച്ച് അവശനിലയില്‍ ആയതാണെന്നാണു നിഗമനം.
FOLLOW US: pathram online