സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ ഇ-ഫയൽ ചെയ്യുകയായിരുന്നു. രാത്രി വൈകി അപേക്ഷ സമർപ്പിച്ചതിനാൽ ഇന്ന് പരിഗണിക്കാനിടയില്ല.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതു കൊച്ചി സ്വദേശിയായ ട്രേഡ് യൂണിയന്‍ നേതാവ്. പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ‘പണിതെറിക്കു’മെന്നു ഭീഷണിപ്പെടുത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ട്രേഡ് യൂണിയന്‍ നേതാവാണ്.

സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ചു പരിശോധിക്കും മുന്‍പു യുഎഇയിലേക്കു തിരികെ അയപ്പിക്കാന്‍ ശ്രമിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇടപെടല്‍ ഇത്ര തകൃതിയായപ്പോഴാണ്, നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിച്ചത്.

കള്ളക്കടത്തു പുറത്തറിഞ്ഞതോടെ സ്വപ്ന സുരേഷിനെ തിരുവനന്തപുരം വിടാന്‍ സഹായിച്ചതും ഈ ട്രേഡ് യൂണിയന്‍ നേതാവാണെന്നു സൂചനയുണ്ട്. നേതാവിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തില്‍ സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായര്‍ പലപ്പോഴും ഇദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള നേതാവിനു കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റുമാര്‍ക്കിടയിലും വലിയ സ്വാധീനമുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കു വരുന്ന മുഴുവന്‍ പാഴ്‌സലുകളും ഇദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തിലാണു പുറത്തു കടത്തിയിരുന്നത്. ട്രേഡ് യൂണിയന്‍ നേതാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കാര്‍ സംഭവത്തിനു ശേഷം കാണാതായതും സംശയങ്ങള്‍ക്കു വഴിയൊരുക്കി. സ്വപ്നയോ സന്ദീപോ ഈ കാറില്‍ കടന്നിരിക്കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളികളയുന്നില്ല.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular