എറണാകുളം ജില്ലയില്‍ ഉറവിടം വ്യക്തമാകാത്ത 7 കോവിഡ് കേസുകള്‍ കൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ രോഗ ഉറവിടം വ്യക്തമാകാത്ത കോവിഡ് രോഗികള്‍ ഏഴു പേര്‍. ഇവരുടെ രോഗ ഉറവിടം കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. രോഗം കണ്ടെത്തുന്ന ആളുടെ കോണ്ടാക്ടുകള്‍ കണ്ടെത്തി അതിനെ ഒരു മാപ്പില്‍ രേഖപ്പെടുത്തി എത്രത്തോളം പ്രദേശത്ത് വ്യാപിച്ചിരിക്കാം എന്നു വിലയിരുത്തിയാണ് ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കുന്നത്.

ഇപ്പോള്‍ എറണാകുളം മാര്‍ക്കറ്റില്‍ ഇതു വിജയകരമായി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് കൂടുതല്‍ സമ്പര്‍ക്ക വ്യാപനം ഉണ്ടായിട്ടുള്ള ആലുവയെയും ചെല്ലാനത്തെയും ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കും. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുള്ള ജില്ലയിലെ ഡിവിഷനുകളിലെ നിയന്ത്രണം ഇന്നു മുതല്‍ ശക്തമാക്കും. എറണാകുളം നഗരപ്രദേശത്ത് 11 വാര്‍ഡുകളില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സംവിധാനം ശക്തമാക്കും.

ജില്ലയില്‍ പ്രതിദിനം 921 കോവിഡ് പരിശോധന നടത്തുന്നുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ 250 പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നിലവില്‍ മൂന്ന് സ്വകാര്യ ആശുപത്രികള്‍ക്കും രണ്ടു ലാബുകള്‍ക്കും പരിശോധനയ്ക്ക് അനുമതിയുണ്ട്. സ്വകാര്യ ആശുപത്രികളില്‍ എല്ലാമായി 70 പരിശോധനകളും മെഡിക്കല്‍ ലാബുകളില്‍ 600 പരിശോധനകളും നടക്കുന്നുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ ആര്‍ടിപിസിആര്‍ പരിശോധനയാണു നടക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ട്രൂനാറ്റ് ടെസ്റ്റുകളും നടത്തുന്നുണ്ട്. ഇതിനു പുറമേ വിമാനത്താവളത്തില്‍ 70 ആന്റിജന്‍ ടെസ്റ്റുകളും 1500 – 2000 വരെ ആന്റി ബോഡി ടെസ്റ്റുകളും നടത്തുന്നുണ്ട്. ഇവിടെ വരുന്ന ഫലങ്ങള്‍ കൂടി പരിഗണിച്ചാണു പ്രതിദിനമുള്ള രോഗികളുടെ കണക്ക് പുറത്തു വിടുന്നത്.

വരും ദിവസങ്ങളിലും കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി ഒരു ആര്‍ടിപിസിആര്‍ മെഷിന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സജ്ജമാകുന്നുണ്ട്. 12 സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിജന്‍ ടെസ്റ്റിങ് തുടങ്ങിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തും. ജില്ലയിലുള്ള എന്‍എബിഎച്ച് അക്രഡിറ്റഡ് സ്വകാര്യ ആശുപത്രികള്‍ക്കെല്ലാം ആന്റിജന്‍ പരിശോധന തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ വരും ദിവസങ്ങളില്‍ ബ്രേക് ദ് ചെയിന്‍ മൂവ്‌മെന്റ് കൂടുതല്‍ ശക്തമാക്കുന്നതിനാണു തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബീ ദ് ചെയിന്‍ ബ്രേക്കര്‍ എന്ന പേരില്‍ സമൂഹ മാധ്യമ ക്യാംപെയിന്‍ ഉടന്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തല ഉദ്യോഗസ്ഥരും രണ്ടു വോളണ്ടിയര്‍മാരും ഉള്‍പ്പെടുന്ന ടീമുകള്‍ രൂപീകരിച്ച് നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരുടെയും ഉത്തരവാദിത്തമാണ് എന്നത് ഓരോരുത്തരും മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. റവന്യു ടീം, ലേബര്‍ ടീം എല്ലാവരും ഫീല്‍ഡില്‍ സജീവമാണ്.

ആര്‍ക്കെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ അവര്‍ അടുത്തുള്ള പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ വിളിച്ച് ഉപദേശം തേടി തുടര്‍നടപടികള്‍ സ്വീകരിക്കണം. ആരും സ്വന്തമായി ആശുപത്രികളിലേക്ക് പോകരുത്. രോഗലക്ഷണം സംശയിച്ചാല്‍ ഓരോരുത്തരും സ്വയം ഐസലേഷനിലാകണം. അഡ്!ലക്‌സില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എഫ്എല്‍ടിസിയില്‍ 130 പേര്‍ അഡ്മിറ്റായിട്ടുണ്ട്. ഇവിടെ 250 പേര്‍ക്കുള്ള സൗകര്യങ്ങളാണു നിലവില്‍ ഒരുക്കിയിട്ടുള്ളത്. 200 പേര്‍ ആകുമ്പോള്‍ സിയാലില്‍ ഒരുങ്ങുന്ന എല്‍സിടിയിലും ആളുകളെ പാര്‍പ്പിക്കുന്നതിനു സൗകര്യം ഒരുക്കും. ഇതില്‍ ഗുരുതര രോഗമുള്ളവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഇതിനു പുറമേ 5 എഫ്എല്‍ടിസികള്‍ കൂടി തുടങ്ങാന്‍ തയാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ട്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അടച്ചിടേണ്ടി വന്ന ഡിവിഷനുകള്‍ അടുത്ത ദിവസം മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെയുള്ള ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോയിട്ടുണ്ടെങ്കിലും സെക്ഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല. അധികം ജീവനക്കാരെ ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ആശുപത്രികളില്‍ ഒരു ബാക് അപ് പ്ലാന്‍ വച്ചാണു പ്രവര്‍ത്തിക്കുന്നത്. ആര്‍ക്കൊക്കെ കോണ്‍ടാക്ട് ഉണ്ടോ അവരോടെല്ലാം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയും പകരം സ്റ്റാഫിനെ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular