ലോക്ഡൗണ്‍ കാലത്ത് 100 കോടിയുടെ സ്വര്‍ണം കേരളത്തിലേയ്ക്ക് ഒഴുകി; വമ്പന്‍ സ്രാവുകള്‍ക്കായി വല വീശി കസ്റ്റംസ്

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചു. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗണ്‍ മറയാക്കി നടത്തിയ കടത്തലിന്റെ വിവരങ്ങള്‍ ലഭിച്ചത്.

വടക്കന്‍ കേരളത്തിലുള്ള സംഘം സരിത്തിനെ ഉപയോഗിച്ച് കടത്തല്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇതിനു രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണക്കടത്തിനു നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

കടത്തല്‍ സംഘത്തിലെ ചെറിയ കണ്ണി മാത്രമാണ് സരിത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കടത്തല്‍ സുഗമമാക്കാനായി വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരെ സംഘത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയ സംഘം പ്രവര്‍ത്തിച്ചിരുന്നു. ദുബായില്‍നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് അയയ്ക്കാന്‍ ആ രാജ്യത്തിന്റെയും കൈപ്പറ്റുന്ന കോണ്‍സുലേറ്റിന്റെയും അധികൃതരുടെ അനുമതി ആവശ്യമാണ്.

ശക്തമായ ബന്ധങ്ങളുള്ള സംഘത്തിനല്ലാതെ, ചില വ്യക്തികള്‍ വിചാരിച്ചാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ലെന്നും കസ്റ്റംസ് കരുതുന്നു. മറ്റു രാജ്യങ്ങളിലെ അന്വേഷണത്തിനു പരിമിതിയുള്ള കാര്യം കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം വിപുലീകരിക്കും.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular