സ്വര്‍ണക്കടത്ത്: സി.ബി.ഐയും അന്വേഷണത്തിന്, കസ്റ്റംസ് ഓഫീസില്‍ എത്തി പ്രതികളെ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സി.ബി.ഐയും അന്വേഷണം ആരംഭിച്ചു.. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് സി.ബി.ഐ കൊച്ചി ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയത്. കസ്റ്റംസില്‍ നിന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ തേടുന്നതിനാണ് എത്തിയത്. സി.ബി.ഐ ആസ്ഥാനത്തേക്ക് അയക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമോ എന്ന തീരുമാനത്തിലെത്തുക.

ഇതിനിടെ, കേസില്‍ ഇന്നു രാവിലെ കസ്റ്റഡിയിലെടുത്ത സൗമ്യ എന്ന യുവതിയേയും കസ്റ്റംസ് ഓഫീസിലേക്ക് എത്തിച്ചു. കസ്റ്റംസും സി.ബി.ഐയും ഒരുമിച്ചാണോ ഇവരെ ചോദ്യം ചെയ്യുക എന്ന് സൂചനയുണ്ട്. സ്വപ്‌നയുടെയും സരിത്തിന്റെയും സുഹൃത്തും തിരുവനന്തപുരത്ത് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന സന്ദീപ് നായരുടെ ഭാര്യയുമാണ് സൗമ്യ. സ്വപ്‌നയെ കുറിച്ചുള്ള വിവരങ്ങള്‍ സൗമ്യയ്ക്കറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സന്ദീപ് ഒളിവില്‍ പോയിരിക്കുകയാണ്. ഇവരുടെ വര്‍ക്ക്‌ഷോപ്പ് ആണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ തലത്തില്‍ മറ്റാരെങ്കിലുമോ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സി.ബി.ഐ പരിശോധിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ ക്രിമില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് കസ്റ്റംസിന് പരിമിതിയുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള ഇടപാടുകള്‍ കണ്ടെത്തിയാല്‍ സി.ബി.ഐയ്ക്ക് കേസ് ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവില്ല.

സ്വര്‍ണ്ണക്കടത്ത് ഇടപാടില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടോയെന്ന് എന്‍.ഐ.എയും പരിശോധിക്കുന്നുണ്ട്. കേസ് പുറത്തുവന്നതോടെ രഹസ്യാന്വേഷണ ഏജന്‍സി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കേസില്‍ രാജ്യത്തിന് പുറത്ത് നടന്ന ഇടപാടുകളെ കുറിച്ച് റോയും അന്വേഷണം നടത്തുമെന്നാണ് സൂചന.

സ്വര്‍ണക്കടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യു.എ.ഇയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടിലെ ഗുണഭോക്താക്കളെ കണ്ടെത്തണം. നയതന്ത്ര ബന്ധം ദുരുപയോഗിച്ചത് ഗൗരവമുള്ളതാണ്. സ്വര്‍ണ്ണം ആര്‍ക്കാണ് എത്തിയത്. ഇടപാടില്‍ ഭീകരബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും യു.എ.ഇ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular