ചിരു, നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും അങ്ങനെയല്ലാതെയിരിക്കാന്‍ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം… മേഘ്‌ന രാജിന്റെ കുറിപ്പ്

കഴിഞ്ഞ മാസം അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനാപുഷ്പങ്ങളര്‍പ്പിക്കുകയാണ് നടിയും ഭാര്യയുമായ മേഘ്‌നരാജും കുടുംബാംഗങ്ങളും. ചിരഞ്ജീവി യാത്രയായിട്ട് ഒരു മാസം പിന്നിടുമ്പോള്‍ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനായോഗം നടത്തുകയാണ് കുടുംബം. ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കന്നടതാരം ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചത്. ആരാധാകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം.

പ്രാര്‍ത്ഥനായോഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന. പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായൊരു കുറിപ്പും മേഘ്‌ന പങ്കുവച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട ചിരു…. നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാന്‍ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികള്‍ക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്,’ മേഘ്‌ന കുറിക്കുന്നു.

ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍. മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായപ്പോഴാണ് ചിരഞ്ജീവിയുടെ മരണം. ‘ചിരു, ഞാന്‍ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിര്‍വചിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.’

‘ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോള്‍, ‘ഞാന്‍ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളില്‍ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാന്‍ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാന്‍ തളരുമ്പോഴും, ഒരു കാവല്‍ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.’

‘നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല, അല്ലേ?. നീ എനിക്കു നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം – അതിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാന്‍, വീണ്ടും ചിരിക്കുന്ന നിന്നെ കാണാന്‍, മുറി മുഴുവന്‍ പ്രകാശം പരത്തുന്ന ചിരി കേള്‍ക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നില്‍ തന്നെയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,’ ചിരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന കുറിച്ചതിങ്ങനെ.

FOLLOW US: pathram online

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...