തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായി മരിച്ച കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരെ ജയിലില്‍ തടവുകാര്‍ ആക്രമിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥരെ തൂത്തുക്കുടി പെരൂറാനി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 4.30നാണ് ഇവര്‍ക്കുനേരെ തടവുകാര്‍ സംഘടിതമായി ആക്രമണം അഴിച്ചുവിട്ടത്.
ജയില്‍ വാര്‍ഡന്മാരെത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചു. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. പെരൂറാനി ജയിലില്‍ 300 തടവുകാരെ പാര്‍പ്പിക്കാനുളള സൗകര്യമാണുളളത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ 80 പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലിലുള്ളത്.
മര്‍ദനത്തിന് നേതൃത്വം നല്‍കിയ സാത്താന്‍കുളം എസ് ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സിബിസിഐഡിയുടെയും ഐജിയുടെയും എസ്പിയുടെയും നേതൃത്തില്‍ 12 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവര്‍ അറസ്റ്റിലായത്.
ലോക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരില്‍ ജൂണ്‍ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്‌സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കളെത്തി. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
FOLLOW US: pathram online