ഷംന കാസിമിനെ ഫോണില്‍ വിളിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയിലിങ് കേസില്‍ പ്രതിശ്രുതവരന്റെ മാതാവെന്നും സഹോദരിയെന്നും അവകാശപ്പെട്ട് ഫോണില്‍ വിളിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

റഫീഖ്, അബൂബക്കര്‍ എന്നിവരുടെ സഹോദരിമാരെയാണ് ചോദ്യംചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. കേസില്‍ വെള്ളിയാഴ്ച ജാമ്യം ലഭിച്ച മൂന്നു പ്രതികളെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഹാരിസ്, അബൂബക്കര്‍, ശരത് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

വാളയാറില്‍ മോഡലുകളെ തടവില്‍ പാര്‍പ്പിച്ച് പണം തട്ടിയ കേസിലാണ് രണ്ടാമത്തെ അറസ്റ്റ്. പോലീസ് വീഴ്ചയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആദ്യ കേസില്‍ ഇവര്‍ക്കു ജാമ്യം ലഭിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം, ഷംനയുടെ വീട്ടില്‍ നിര്‍മാതാവെന്ന വ്യാജേനെ എത്തിയ കോട്ടയം സ്വദേശി ജോണി പന്തല്‍ പണിക്കാരനാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ എന്തിനാണ് ഷംനയുടെ വീട്ടില്‍ വന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

ഇതിനിടെ പോലീസിനെതിരേ ആരോപണവുമായി ഏഴാംപ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ രംഗത്തെത്തി. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദം ചെലുത്തുന്നതായി സോഫിയ ആരോപിച്ചു. പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസില്‍നിന്ന് കടുത്ത സമ്മര്‍ദമാണു നേരിടേണ്ടി വരുന്നതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, സോഫിയയുടെ ആരോപണം സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ നിഷേധിച്ചു. സോഫിയയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും അത്തരത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവില്ലാതെ ആരെയും പ്രതിയാക്കില്ല. അന്വേഷണം നടക്കുന്നേയുള്ളൂ. കുറ്റം ചെയ്യാത്തവര്‍ പോലീസിനെ ഭയക്കേണ്ടതില്ല, സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും വിജയ് സാഖറെ വ്യക്തമാക്കി.
സോഫിയ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കന്‍ തയാറാണെന്നും പോലീസില്‍നിന്നുള്ള ഭീഷണി കാരണം പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. ഇവരോട് നാളെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജാരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7