കോവിഡ് വ്യാപനത്തെ തുടർന്നു ആശങ്കയിൽ കഴിയുന്ന ജില്ലയ്ക്ക് ഭീഷണിയായി തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ. കച്ചവടത്തിനും വിവിധ ആവശ്യങ്ങൾക്കുമായി ജില്ലയിൽ നിന്നു നിരവധി പേരാണ് അതിർത്തി കടക്കുന്നത്. അതിർത്തിയിലെ ഏക പരിശോധന കേന്ദ്രമായ ഇഞ്ചിവിള ഒഴിവാക്കിയാണ് സഞ്ചാരം. അതിനാൽ ഇങ്ങനെ കടന്നു പോകുന്നവരെ കുറിച്ച് അധികൃതർക്ക് അറിവില്ല. തമിഴ്നാട്ടിൽ നിന്നും ജില്ലയിലേക്ക് വരുന്നവരുടെ എണ്ണവും വർധിച്ചു.
കുമരിചന്തയിലെ കോവിഡ് ബാധിതനായ മത്സ്യവിൽപനക്കാരൻ കന്യാകുമാരിയിൽ നിന്നാണ് മീൻ എടുത്തിരുന്നത്. ഇതു പോലെ വിവിധ ആവശ്യങ്ങൾക്കായി അനവധി ആളുകൾ ദിവസേന അതിർത്തി കടക്കുന്നു. തമിഴ്നാട്ടിൽ നിന്നും തലസ്ഥാനത്തും ആളുകൾ എത്തുന്നു. മുൻപ് ചാലയിലെ പച്ചക്കറികടകളിലേക്ക് സാധനവുമായി എത്തിയ വണ്ടിയിൽ കടന്നു കയറി എത്തിയ രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.
ഇഞ്ചിവിളയിലെ പരിശോധന കേന്ദ്രത്തിൽ മാത്രമാണ് കണക്കെടുപ്പും വിവരശേഖരണവും നടക്കുന്നത്. ആരും അറിയാതെ അതിർത്തി കടക്കാൻ 20 ലധികം വഴികൾ കളിയിക്കാവിള, പാറശാല, കാരക്കോണം, ചെറുവാരക്കോണം ഭാഗങ്ങളിൽ ഉണ്ട്. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾക്ക് കോവിഡ് രോഗം സ്ഥീകരിച്ചിരുന്നു. ഇവരിൽ ഭൂരിപക്ഷവും ആരും അറിയാതെ അതിർത്തി കടന്നവരാണ്. തമിഴ്നാട്ടിൽ നിന്നും നെയ്യാറ്റിൻകര , പാറശാല ഭാഗങ്ങളിൽ നിരവധി പേർ ഇരുചക്രവാഹനങ്ങളിൽ എത്തി മടങ്ങുന്നുണ്ട്.
നഗരത്തിലേക്ക് എത്തുന്നവരുമുണ്ട്. ചിലർ ഇവിടെ തമ്പടിക്കുന്നു. ഇതൊന്നും പരിശോധിക്കാൻ സംവിധാനമില്ലാത്തിനാൽ അധികൃതർ കണ്ണടയ്ക്കുകയാണ്. ഇഞ്ചിവിളയിലെ പരിശോധനയും ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. രോഗം വ്യാപനം ഉണ്ടായതോടെ ഇവിടം കണ്ടെയ്ൻമെന്റ് സോൺ ആകുകയും ചെയ്തു. തമിഴ്നാട് പൊലീസാണ് അതിർത്തിൽ അൽപമെങ്കിലും ജാഗ്രത കാട്ടുന്നത്. അതിർത്തി കടന്നുള്ള വരവിനും പോക്കിനും ആരുടെയും അനുമതി വേണ്ടെന്ന സ്ഥിതിയാണ്.
FOLLOW US: PATHRAM ONLINE