ആംബുലന്‍സ് എത്താന്‍ വൈകി; കോവിഡ് രോഗി റോഡില്‍ വീണ് മരിച്ചു

ബെംഗളൂരു: ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കോവിഡ് രോഗി റോഡില്‍ വീണ് മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനായി കുടുംബാംഗങ്ങള്‍ കാത്തിരുന്നത് രണ്ട് മണിക്കൂര്‍. ആംബുലന്‍സ് എത്താന്‍ വൈകിയതോടെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാമെന്ന് തീരുമാനിച്ചെങ്കിലും രോഗിയുടെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് സംഭവം. അമ്പത്തഞ്ചുകാരന് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ തുടരുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തതോടെ ആശുപത്രിയിലേക്ക് മാറ്റാനായി ഭാര്യ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പോകാനായി വീട്ടില്‍നിന്ന് പുറത്തിറങ്ങവേ ഇയാള്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മൃതദേഹം വീടിന് പുറത്ത് തന്നെ ആംബുലന്‍സ് എത്തുന്നതു വരെ സൂക്ഷിക്കുകയായിരുന്നു.

ആംബുലന്‍സിന്റെ കാര്യത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി ആര്‍. അശോക് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ബെംഗളൂരു മുന്‍സിപ്പല്‍ കമ്മിഷണര്‍ അനില്‍ കുമാര്‍ അറിയിച്ചു. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചയ്ക്കിടെ ബെംഗളൂരുവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. വെള്ളിയാഴ്ച മാത്രം 994 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ 7,173 പേര്‍ക്ക് കോവിഡ് ബാധിച്ചു. 106 പേര്‍ ഇതു വരെ മരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7