ന്യൂഡല്‍ഹി : മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകാന്‍ 3 മാസമെടുക്കുമെന്നും ഇതു വിജയകരമായാല്‍ ഈ വര്‍ഷാവസാനത്തോടെ കോവിഡിനെതിരായ ‘കോവാക്‌സിന്‍’ യാഥാര്‍ഥ്യമാകുമെന്നും ഭാരത് ബയോടെക് സാരഥികളിലൊരാളായ സുചിത്ര എല്ല. എന്നാല്‍, ഇത് ആളുകള്‍ക്കു ലഭ്യമാകുന്നത് എന്നാകുമെന്ന ചോദ്യത്തിന്, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ തീരുമാനം നിര്‍ണായകമാകുമെന്ന് അവര്‍ പറഞ്ഞു. മനുഷ്യരില്‍ പരീക്ഷണത്തിന് അനുമതി ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ സാധ്യതാ വാക്‌സിനായ ‘കോവാക്‌സിന്‍.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് പരീക്ഷണം നടത്തുന്നത്. ക്ലിനിക്കല്‍ ട്രയലില്‍ 1200 വൊളന്റിയര്‍മാര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഡല്‍ഹി, ചെന്നൈ തുടങ്ങി രാജ്യത്തെ 10 നഗരങ്ങളിലെ പ്രധാന ആശുപത്രികളിലാവും പരീക്ഷണം. ഇതിന് എത്തിക്കല്‍ ക്ലിയറന്‍സ് ഉറപ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രീ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വാക്‌സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചത്. 3 മാസം കൊണ്ടു മനുഷ്യരില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ 2 ഘട്ടം വിജയകരമാണെന്നു ഡിജിസിഐ വിലയിരുത്തിയാല്‍ വാക്‌സിനുള്ള വഴിയൊരുങ്ങും. എന്നാല്‍, മൂന്നാം ഘട്ടം കൂടി വേണമെന്നു നിര്‍ദേശിച്ചാല്‍ വൈകും. ഫലപ്രാപ്തിയും സുരക്ഷിതത്വവും സംബന്ധിച്ചു കൂടുതല്‍ ആളുകളില്‍ പരീക്ഷണം വേണ്ടിവരുമെന്നതാണു കാരണം. ഇതിനു 4 മാസം മുതല്‍ 2 വര്‍ഷം വരെയെടുക്കാമെന്നും സുചിത്ര പറഞ്ഞു.
follow us: PATHRAM ONLINE