ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകനും നിര്‍മാതാവുമായി സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്‍സാലിക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നാണ് വിവരം.
ബന്‍സാലിക്കു പുറമേ ബോളിവുഡിലെ മറ്റു പ്രമുഖരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഷാനു ശര്‍മ്മയെ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജൂണ്‍ 8ന് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ വച്ച് ഷാനുവിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. ശുദ്ധ് ദേശീ റോമാന്‍സ്, ഡിക്ടറ്റീവ് ബ്യോംകേശ് ബക്ഷി എന്നീ സിനിമകളില്‍ സുശാന്തിനൊപ്പം ഷാനു പ്രവര്‍ത്തിച്ചിരുന്നു. ബോളിവുഡിലെ പ്രഫഷനല്‍ വൈരാഗ്യമാണോ സുശാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
നടി കങ്കണ റണൗട്ടിനെയും സംവിധായകന്‍ ശേഖര്‍ കപൂറിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. സമൂഹമാധ്യമങ്ങളിലും മറ്റും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിച്ചിരുന്നു. 2019ല്‍ സുശാന്തിന്റെ 5 സിനിമകളാണ് മുടങ്ങിപ്പോയതെന്നും മരണത്തെക്കുറിച്ച് ചിലര്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും കങ്കണ സമൂഹമാധ്യമത്തില്‍ പങ്കു വച്ച വിഡിയോയില്‍ പറഞ്ഞത്.
‘നീ കടന്നുപോയ വേദനകള്‍ എനിക്ക് അറിയാം. നിന്നെ നിരാശപ്പെടുത്തിയവരുടെ കഥയറിയാം. എന്റെ തോളില്‍ കിടന്നു കരകരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ ആറുമാസം നിനക്കൊപ്പം ഉണ്ടായിരുന്നെങ്കില്ലെന്ന് ഞാന്‍ ആശിച്ച് പോകുന്നു. നിന്റെയല്ല അവരുടെ കര്‍മഫലം കൊണ്ടാണ് ഇത് സംഭവിച്ചതെന്നുമാണ് സംവിധായകന്‍ ശേഖര്‍ കപൂര്‍ കുറിച്ചത്.
സുശാന്തിന്റെ അടുത്ത സുഹൃത്തും കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിയേയും പൊലീസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലെ അപാര്‍ട്‌മെന്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്