ഒടുവില്‍ സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധന ചൈന അംഗീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലഡാക്കിലെ 14, 15, 17 പട്രോളിങ് പോയിന്റുകളില്‍നിന്നുള്ള സൈനിക പിന്‍മാറ്റം സംബന്ധിച്ചാണ് നിലവില്‍ ധാരണയിലെത്തിയിരിക്കുന്നത്. ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെ അതിര്‍ത്തിരേഖയില്‍നിന്ന് നൂറിലധികം മീറ്ററുകള്‍ അകലേയ്ക്ക് ചൈനീസ് സൈന്യത്തെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാന്‍ഗോങ് തടാക മേഖലയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പതിനാറാം കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും തെക്കന്‍ ഷിന്‍ജിയാങ് സൈനിക മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ ചുഷുല്‍ ഔട്‌പോസ്റ്റിലാണ് ചര്‍ച്ചകള്‍ നടന്നത്. ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് നടന്നുവന്ന മൂന്നാംഘട്ട ചര്‍ച്ചയായിരുന്നു ഇത്. ചര്‍ച്ചയിലുണ്ടായ ധാരണകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.

22ന് രാവിലെ 11.30 മുതല്‍ രാത്രി 10.30 വരെ നീണ്ട ചര്‍ച്ചയില്‍ ഗാല്‍വന്‍ താഴ്വര, ഹോട്ട് സ്പ്രിങ്, പാംഗോങ് തടാകം എന്നിവിടങ്ങളില്‍നിന്ന് സേനാപിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയായിരുന്നു. ചൈനയുടെ വാക്ക് വിശ്വസിച്ച് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചുതുടങ്ങിയെങ്കിലും ധാരണയ്ക്കു വിരുദ്ധമായി ചൈന കൂടുതല്‍ സ്ഥലങ്ങളില്‍ കടന്നുകയറി സൈനികവിന്യാസവും നിര്‍മാണവും നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular