കണ്ണൂരിൽ വീണ്ടും ആശങ്ക; 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ

കണ്ണൂർ ജില്ലയില്‍ 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മറ്റു മൂന്നു പേര്‍ വിദേശത്തു നിന്നു വന്നവരാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് മസ്‌കറ്റില്‍ നിന്ന് ഒവി 1426 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി 39കാരന്‍, 24ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ ഏഴോം മൂന്നാംപീടിക സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് ജെ9 405 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

കേരളത്തില്‍ നിന്നുള്ള ഏഴു പേര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ച് പേര്‍, തമിഴ്‌നാട്, ബീഹാര്‍, ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ ഈരണ്ടു പേര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സ്വദേശികളായ ഒരാള്‍ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 471 ആയി. ഇവരില്‍ 280 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം മലബാര്‍ സ്വദേശി 64കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് തേര്‍ത്തല്ലി സ്വദേശി അഞ്ച് വയസ്സുകാരന്‍ എന്നിവര്‍ ഇന്നാണ് വീടുകളിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22664 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 83 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 179 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22342 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിന്ന് ഇതുവരെ 14420 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 864 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular