രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന കാരണം പറഞ്ഞാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചത്. നിരവധി ഉപഭോക്താക്കളുള്ള ടിക്ടോക്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ്, ഹെലോ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചത്.
ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്തു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമാണ് നിരോധനം. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയെന്ന് പറയുമ്പോഴും ഇതു നടപ്പിലാക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു. നിരോധിച്ച ആപ്പുകള്‍ നിലവില്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുമോ? ഇവ ഡീലീറ്റ് ചെയ്യണോ? തുടങ്ങി നിരവധി സംശയങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് ഉയരുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നിരോധന ഉത്തരവ് ഗൂഗിളിന്റെ കീഴിലുള്ള പ്ലേസ്റ്റോറിനും ആപ്പിളിനു കീഴിലുള്ള ആപ് സ്റ്റോറിനും ലഭിക്കുന്നതോടെ ആപ്പുകള്‍ ഇവയില്‍ ബ്ലോക്ക് ചെയ്യും. പിന്നീട് ഇന്ത്യയില്‍ നിന്ന് ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഇതില്‍ ടിക് ടോക് ഇപ്പോള്‍തന്നെ പ്ലേ സ്റ്റോറില്‍നിന്നും നീക്കം ചെയ്തു കഴിഞ്ഞു.
ഈ ആപ്പുകളിലേക്കുള്ള ഡേറ്റ ട്രാഫിക് നിര്‍ത്തുന്നതിനായി ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരെയും (ഐഎസ്പി), ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരെയും (ടിഎസ്പി) സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. ഡേറ്റ ട്രാഫിക് നിര്‍ത്തുന്ന പ്രക്രിയ പൂര്‍ത്തിയായാല്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവയും പ്രവര്‍ത്തനരഹിതമാകും.
നിരോധിച്ച ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവര്‍ ഫോണില്‍നിന്നു ഡിലീറ്റ് ചെയ്യാതിരിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ ഇവയ്ക്ക് തുടര്‍ അപ്‌ഡേറ്റുകളോ ഡെവല്പര്‍ സപ്പോര്‍ട്ടോ ലഭിക്കില്ല. ഡേറ്റ ട്രാഫിക് നിര്‍ത്തുന്നതോടെ ഇന്ത്യന്‍ നെറ്റ്വര്‍ക്കുകളില്‍ ഈ ആപ്പുകള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായിരിക്കും. ചൈനീസ് നിര്‍മിത ഫോണായ ഷവോമിയിലെ(എംഐ) പ്രീഇന്‍സ്റ്റാള്‍ഡ് ആപ്പുകളായ എംഐ കമ്യൂണിറ്റി, എംഐ വിഡിയോ കോള്‍ തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്. ഇവയ്ക്ക് തുടര്‍ന്നും ഡവല്പര്‍ സപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ ടിക് ടോക്കിനെ വിലക്കിയിരുന്നു, എന്നാല്‍ കോടതി വിലക്ക് ഒഴിവാക്കിയ ഉടന്‍ ആപ് തിരിച്ചെത്തി. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്രനീക്കം കൂടുതല്‍ തന്ത്രപരമാണ്. ടിക്ടോക് കൂടാതെ 58 ആപ്പുകളെയും നിരോധിച്ചിട്ടുണ്ട്. മാത്രമല്ല തികച്ചും നയതന്ത്രപരമായ തീരുമാനം. ഇന്ത്യയിലെ ചൈനീസ് ബിസിനസുകള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് നീക്കം. അതുകൊണ്ടു തന്നെ നിരോധനം താല്‍ക്കാലികമാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തു. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഇനി ഇന്ത്യയില്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ‘നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല’ എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകൾക്കാണ് നിരോധനം. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്.
ടിക്ടോക് അടക്കം 59 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് അംഗീകരിക്കുന്നുവെന്ന് ടിക്ടോക് ഇന്ത്യയുടെ ചെയർമാൻ നിഖിൽ ഗാന്ധി. വിശദീകരണം നൽകുന്നതിനായി സർക്കാർ വൃത്തങ്ങളെ കാണും. ഇന്ത്യൻ നിയമത്തിന്റെ കീഴിൽവരുന്ന എല്ലാ വിവരസുരക്ഷ ക്രമീകരണങ്ങളും പാലിച്ചാണ് ടിക്ടോക് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയടക്കം വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കാറില്ല. ഭാവിയിൽ അവർ ആവശ്യപ്പെട്ടാലും ഇത് നൽകില്ല. സുരക്ഷയ്ക്ക് വളരെ പ്രാധാന്യം നൽകുന്നുണ്ടെന്നും നിഖിൽ പറഞ്ഞു.
ക്ലബ് ഫാക്ടറി ഉൾപ്പെടെയുള്ള ഇ–കൊമേഴ്സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു. ആപ്പുകളിൽ ചിലതിന്റെ ഉടമകൾ, ചൈനീസ് പശ്ചാത്തലം പരസ്യപ്പെടുത്താതെ, സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു പ്രവർത്തിക്കുന്നവയാണ്. നിരോധിച്ചതിൽ യുസി ന്യൂസ് ഉൾപ്പെടെ ചിലത് ഇന്ത്യ – ചൈന ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാർലമെന്റിലുൾപ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയും പരിഗണിച്ചാണു നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
>ടിക് ടോക്, ഷെയർഇറ്റ്, ക്വായ്, യുസി ബ്രൗസർ, ബൈഡു മാപ്പ്, ഷീൻ, ക്ലാഷ് ഓഫ് കിങ്സ്, ഡിയു ബാറ്ററി സേവർ, ഹലോ, ലൈക്കീ, യുക്യാം മേക്കപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസർ, വൈറസ് ക്ലീനർ, എപിയുഎസ് ബ്രൗസർ, റോംവീ, ക്ലബ് ഫാക്ടറി, ന്യൂസ്ഡോഗ്, ബ്യൂട്രൈ പ്ലസ്, വി ചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയിൽ, വെയ്ബോ, എക്സെൻഡർ, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെൽഫിസിറ്റി, മെയിൽ മാസ്റ്റർ, പാരലൽ സ്പേസ്, മി വിഡിയോകോൾ, വി സിങ്ക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിവ വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റേറ്റസ്, ഡിയു റെക്കോർഡർ, വോൾട്ട് – ഹൈഡ്, ക്യാച്ചെ ക്ലീനർ, ഡിയു ക്ലീനർ, ഡിയു ബ്രൗസർ, ഹേഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്, ക്യാം സ്കാനർ, ക്ലീൻ മാസ്റ്റർ, വണ്ടർ ക്യാമറ, ഫോട്ടോ വണ്ടർ, ക്യുക്യു പ്ലേയർ, വീ മീറ്റ്, സ്വീറ്റ് സെൽഫി, ബൈഡു ട്രാൻസ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റർനാഷനൽ, ക്യുക്യു സെക്യൂരിറ്റി സെന്റർ, ക്യുക്യു ലോഞ്ചർ, യു വിഡിയോ, വി ഫ്ലൈ സ്റ്റേറ്റസ് വിഡിയോ, മൊബൈൽ ലെജൻഡ്സ്, ഡിയു പ്രൈവസി.
FOLLOW US: pathram online