കരുനാഗപ്പള്ളി: ഗ്യാസ് ഏജന്‍സികളില്‍ നിന്നു പാചകവാതക സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുന്ന ചിലര്‍ അമിത കൂലി വാങ്ങുന്നതായി പരാതി. പറയുന്ന കൂലി കൊടുത്തില്ലെങ്കില്‍ അടുത്ത തവണ സിലിണ്ടര്‍ എത്തിക്കാത്ത അവസ്ഥയുമാണ് ചിലയിടങ്ങളില്‍. കുറ്റിവട്ടത്തുള്ള ഗ്യാസ് ഏജന്‍സിയില്‍ നിന്നു സിലിണ്ടര്‍ എടുക്കുന്ന ഇടക്കുളങ്ങര സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ തനിക്കുണ്ടായ അനുഭവം കാണിച്ചു ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
സിലിണ്ടര്‍ കൊണ്ടു വരുന്നവര്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ ഇദ്ദേഹം നേരിട്ടെത്തി സിലിണ്ടര്‍ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ലോക് ഡൗണ്‍ വന്നതോടെ ഗ്യാസ് ഏജന്‍സിയില്‍ നിന്നു നേരിട്ടു സിലിണ്ടര്‍ നല്‍കുന്നത് നിര്‍ത്തലാക്കി. തുടര്‍ന്നു വീട്ടില്‍ എത്തിച്ചയാള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് ഉള്‍പ്പെടെ ബില്ലില്‍ രേഖപ്പെടുത്തിയതിലും അധികം തുക വാങ്ങിക്കൊണ്ടിരുന്നു. കഴിഞ്ഞ മാസം കൊണ്ടു വന്നപ്പോള്‍ ബില്ലിലുള്ള തുക മാത്രം നല്‍കിയപ്പോള്‍ തര്‍ക്കമായി.
മുഹമ്മദ് ഹുസൈന്‍ ഗ്യാസ് ഏജന്‍സി മാനേജരെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. 23 നു ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടര്‍ ബില്ലായി രണ്ടു ദിവസം കഴിഞ്ഞിട്ടും എത്തിച്ചില്ല. ഓഫിസില്‍ തിരക്കിയപ്പോള്‍ , സിലിണ്ടര്‍ എത്തിക്കുന്ന ആളെ വിളിക്കാന്‍ പറഞ്ഞു. ഇയാളെ വിളിച്ചപ്പോള്‍, ചോദിക്കുന്ന കാശ് നല്‍കാതെ കൊണ്ടു തരില്ലെന്ന മറുപടിയാണു ലഭിച്ചത്. തുടര്‍ന്നു മാനേജരെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞതോടെ മറ്റൊരാള്‍ വഴി സിലിണ്ടര്‍ എത്തിക്കുകയായിരുന്നു.
follow us: PATRHAM ONLINE