ഇന്ന് (june 28) കോട്ടയം ജില്ലയിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേർക്ക് രോഗ മുക്തി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. രോഗം സ്ഥിരീകരിച്ച നാലുപേർ ജൂൺ 26ന് കൊവിഡ് ചികിത്സയിൽ കഴിയുന്ന പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പള്ളിക്കത്തോട് സ്വദേശിനിയുടെ ബന്ധുക്കളാണ്. ഇവരുടെ ഭർത്താവ്(37), ആറും മൂന്നും വയസുള്ള പെൺകുട്ടികൾ, ഭർതൃമാതാവ്(67) എന്നിവർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇവരുടെ കുടുംബത്തിലെ രോഗബാധിതരുടെ എണ്ണം ആറായി. യുവതിയുടെ ഭർതൃപിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എല്ലാവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 19ന് മുംബൈയിൽ നിന്നെത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരിക്കാട്ടൂർ സ്വദേശിനി(26)യാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ അഞ്ചാമത്തെയാൾ. ഹോം ക്വാറന്റീനിൽ കഴിയവേ രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കൊപ്പം മുംബൈയിൽ നിന്നെത്തിയ ഭർത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കോട്ടയം ജില്ലക്കാരായ ആകെ 120 പേരാണ് കൊവിഡ് ബാധിതരായി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
FOLLOW US: pathram online