പൂജ ചെയ്തു രോഗം മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപയോളം തട്ടിയെടുത്ത 19 കാരന്‍ പിടിയില്‍

കൊച്ചി : പൂജ ചെയ്തു രോഗം മാറ്റി കൊടുക്കാമെന്നു പറഞ്ഞു പരിചയപ്പെട്ട ശേഷം, പ്രായംചെന്ന സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി ഒരു കോടി രൂപയോളം തട്ടിയെടുത്ത യുവാവ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയുമാണ് കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ അലക്‌സ്(19) ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്തത്. പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം പ്രതിയായ അലക്‌സ് അവിടെ റൂം ബോയ് ആയിരുന്നു.

പരാതിക്കാരിയുടെ ഹൃദയസംബന്ധമായ രോഗവും മറ്റും മനസ്സിലാക്കിയ പ്രതി തനിക്ക് രോഗം മാറ്റുവാനുള്ള പ്രത്യേക പൂജ അറിയാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ആദ്യം തന്നെ ഇയാള്‍ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി 9 ലക്ഷം രൂപ കൈപ്പറ്റി. പിന്നീട് പല തവണകളായി 16 ലക്ഷം രൂപ കൈവശപ്പെടുത്തി. പ്രതി പരാതിക്കാരിയുടെ മകളെ ചിറ്റൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തി ഇനിയും കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും ഇനിയും കൂടുതല്‍ പണം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുക്കുകയുംചെയ്തു.

എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും വിവിധ സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്യുകയും ചെയ്തു. പിന്നീട് പണത്തിനായി പ്രതി ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി ഡപ്യൂട്ടി കമ്മിഷണര്‍ പൂങ്കുഴലിയുടെ ഓഫിസില്‍ എത്തുന്നത്. പരാതിയെത്തുടര്‍ന്നു സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

അപഹരിച്ച പണം കൊണ്ട് അലക്‌സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈല്‍ ഫോണുകളും ആഡംബര ബൈക്കും ലക്ഷങ്ങള്‍ വിലവരുന്ന മുന്തിയ ഇനം വളര്‍ത്തു നായയെയും അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പ്രതി വാങ്ങിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, അരുള്‍ എസ്ടി അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ദിനേശ്, സീനിയര്‍ സിപിഒ അനീഷ്, അജിത്ത് സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇഗ്‌നേഷ്യസ്, ഇസഹാഖ്, ഫ്രാന്‍സിസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular