ന്യൂഡല്‍ഹി: തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മിഥൈല്‍പ്രെഡ്നിസൊളോണ്‍ എന്ന മരുന്നിനു പകരം ഡെക്സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്സമെത്തസോണ്‍.
ബ്രിട്ടനില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്സമെത്തസോണ്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഡെക്സമെത്തസോണ്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന ആഹ്വാനം ലോകാരോഗ്യസംഘടന നടത്തുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന നിലയില്‍ തയ്യാറാക്കിയ ‘ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19-ന്റെ പരിഷ്‌കരിച്ച പതിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളായി ഈ മാര്‍ഗനിര്‍ദേശത്തില്‍ ചേര്‍ത്തിരുന്നു.
ഓക്സിജന്‍ സഹായം ആവശ്യമായവര്‍ക്കും അമിതമായ കോശജ്വലന പ്രതികരണം(ലഃരലശൈ്‌ല ശിളഹമാാമീേൃ്യ ൃലുെീിലെ) ഉള്ളവര്‍ക്കും ഡെക്സമെത്തസോണ്‍ നല്‍കാമെന്ന് പുതുക്കിയ ‘ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19’ പറയുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കടന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. വീക്കം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഡെക്സമെത്തസോണ്‍ കഴിഞ്ഞ 60 വര്‍ഷത്തിലധികമായി വിപണിയില്‍ ലഭ്യമാണ്.
ഈയടുത്ത്, അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടായിരത്തോളം കോവിഡ് രോഗികള്‍ക്ക് ഡെക്സമെത്തസോണ്‍ നല്‍കിക്കൊണ്ട് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷക സംഘം പഠനം നടത്തിയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന ഇവരില്‍ മരണനിരക്ക് 35% കുറഞ്ഞതായി കണ്ടെത്തുകയും ചെയ്തിരുന്നു.
തീവ്രമോ ഗുരുതരമോ ആയ രോഗമുള്ളവര്‍ക്ക് സൂക്ഷ്മ വൈദ്യനിരീക്ഷണത്തിനു കീഴില്‍ മാത്രമേ ഡെക്സമെത്തസോണ്‍ നല്‍കാന്‍ പാടുള്ളൂവെന്ന് ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കിയിട്ടുണ്ട്.
follow us pathramonline