തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു.
മദ്യശാലകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. നാളെ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ബവ്ക്യൂ ആപ്പില്‍ ബുക്കിങ് ആരംഭിച്ചു.
കഴിഞ്ഞയാഴ്ച നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉടന്‍ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.