ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ച എഴുപത്തിരണ്ടുകാരനുായ രോഗിയുടെ മൃതദേഹം വീട്ടില്‍നിന്നു ശ്മശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ശ്രീകാകുളം ജില്ലയിലെ പലാസയില്‍ മുന്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥനാണ് കോവിഡ് ബാധിച്ചു വീട്ടില്‍ വച്ചു മരിച്ചത്. അയല്‍ക്കാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചുമകള്‍ അധികൃതരെ വിവരമറിയിച്ചു.
ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടില്‍നിന്നു ശ്മശാനത്തിലേക്കു മണ്ണുമാന്തി യന്ത്രത്തില്‍ കോരി കൊണ്ടുപോകുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗസ്ഥരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റില്‍ മൃതദേഹം കയറ്റി നിരത്തിലൂടെ ഓടിച്ചു കൊണ്ടുപോയത്.
മനുഷ്യത്വരഹിതമായ നടപടിയെന്നാണ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി ഇതിനെ വിശേഷിപ്പിച്ചത്. മൃതദേഹം നീക്കം ചെയ്യാനുള്ള പ്രോട്ടോക്കോള്‍ പാലിച്ചില്ല. കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പലാസ മുന്‍സിപ്പല്‍ കമ്മിഷണര്‍ നാഗേന്ദ്ര കുമാര്‍, സാനിറ്ററി ഇന്‍സ്പെക്ടര്‍ എന്‍. രാജീവ് എന്നിവരെ ജില്ലാ കലക്ടര്‍ ജെ. നിവാസ് സസ്പെന്‍ഡ് ചെയ്തു. ജഗന്‍ സര്‍ക്കാരിന്റെ വീഴ്ചയാണിതെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
ശ്രീകാകുളത്ത് ജൂണ്‍ 24-നും സമാന സംഭവം നടന്നിരുന്നു. കോവിഡ് ബാധിച്ചു മരിച്ച സ്ത്രീയുടെ മൃതദേഹം ട്രാക്ടറിലാണ് ശ്മശാനത്തിലേക്കു കൊണ്ടുപോയത്.