ഷംന കാസിമിന്റെ പക്കല്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിന്റെ പക്കല്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തല്‍. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുത്തുകൂടി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പില്‍ ഇരകളാകാതിരിക്കാനാണു പൊലീസില്‍ പരാതി നല്‍കിയതെന്നും കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു

തൃശൂരില്‍നിന്നു വന്ന വിവാഹാലോചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവര്‍ അടുപ്പമുണ്ടാക്കി. ഇതിനിടെ കഴിഞ്ഞ ദിവസം വരനായി എത്തിയ ആള്‍ ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് ആദ്യം സംശയമായി. അമ്മയോട് പറയാമെന്നു പറഞ്ഞു. ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്.

എന്നാല്‍ പണം നല്‍കാന്‍ തയാറായില്ലെന്നു മാത്രമല്ല, വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നല്‍കിയതെന്നും ഷംന കാസിം പറഞ്ഞു. അതേസമയം സംഭവത്തില്‍ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് മരട് പൊലീസ് അറിയിച്ചു

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment