ജൂലായ് ആറിനകം എല്ലാ വീടുകളിലും കോവിഡ് പരിശോധന സര്‍ക്കാര്‍ ആലോചിക്കുന്നു

ന്യൂഡല്‍ഹി: ജൂലായ് ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സര്‍ക്കാറിന്റെ പുതിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട എല്ലാ വീടുകളിലും ജൂണ്‍ 30നകം പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലായ് അറിനകം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലും വീടുകള്‍ കയറിയുള്ള പരിശോധന പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ കോവിഡ് വ്യാപനതോത് തിരിച്ചറിയാന്‍ ജൂണ്‍ 27 മുതല്‍ സിറോ സര്‍വ്വേ ആരംഭിക്കും. എന്‍.സി.ഡി.സിയുമായി ചേര്‍ന്ന് നടത്തുന്ന സര്‍വ്വേയുടെ ഫലം ജൂലായ് പത്തോടെ ലഭിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണ് ഡല്‍ഹി. 66,602 പേര്‍ക്ക് ഡല്‍ഹിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2301 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം 3947 പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണാക്കായിരുന്നു ഇത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7