‘അഭ്യാസം’ മറയാക്കി ചൈനയുടെ സേനാവിന്യാസം; പതിവ് അഭ്യാസങ്ങളായതിനാല്‍ ഇന്ത്യ സംശയിച്ചില്ല

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിക്കു സമീപമുള്ള ഷിന്‍ജിയാങ്ങിലും ടിബറ്റിലും എല്ലാ വര്‍ഷവും നടത്താറുള്ള സൈനികാഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. സംഘര്‍ഷം ഇന്ന് അന്‍പതാം ദിനത്തിലേക്കു കടക്കുമ്പോള്‍, അതിര്‍ത്തിയില്‍ പ്രതിരോധക്കോട്ടയൊരുക്കി ഇന്ത്യന്‍ സേന. 3488 കിലോമീറ്റര്‍ നീളമുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) കര – വ്യോമ സേനകളുടെ വന്‍ സന്നാഹമാണു സജ്ജമാക്കിയിരിക്കുന്നത്. മേയ് 5ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് മലനിരകളില്‍ ഇരു സേനകളും തമ്മിലുണ്ടായ സംഘട്ടനമാണു പിന്നീടു യുദ്ധസമാന സാഹചര്യത്തിലേക്കു വളര്‍ന്നത്.

അതിര്‍ത്തിക്കു സമീപമുള്ള ഷിന്‍ജിയാങ്ങിലും ടിബറ്റിലും എല്ലാ വര്‍ഷവും നടത്താറുള്ള സൈനികാഭ്യാസങ്ങളുടെ മറവിലായിരുന്നു ചൈനയുടെ പടയൊരുക്കം. ജനുവരി – മാര്‍ച്ച് മാസങ്ങളില്‍ 3 സൈനികാഭ്യാസങ്ങളാണു ചൈന നടത്തിയത്. പതിവ് അഭ്യാസങ്ങളായതിനാല്‍ ഇന്ത്യ സംശയിച്ചില്ല.

എന്നാല്‍, അഭ്യാസത്തിനു ശേഷവും സൈന്യത്തെ അവിടെ നിലനിര്‍ത്തി. പടിപടിയായി അവരെ അതിര്‍ത്തിയിലേക്കു നീക്കി. 2 ഡിവിഷന്‍ പട്ടാളക്കാരെയാണ് ഇതിനായി ഉപയോഗിച്ചത്. പതിവ് പട്രോളിങ്ങിന്റെ ഭാഗമായി ഗല്‍വാന്‍, ഹോട് സ്പ്രിങ്‌സ്, പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള നാലാം മലനിര എന്നിവിടങ്ങളിലെത്തിയ സൈനികര്‍ അവിടെ നിലയുറപ്പിച്ചു. അതിര്‍ത്തിയില്‍ തുടരുന്നതു കരാറുകളുടെ ലംഘനമാണെന്നും മടങ്ങിപ്പോകണമെന്നുമുള്ള ഇന്ത്യന്‍ സേനയുടെ ആവശ്യം അംഗീകരിച്ചില്ല.

ചൈനീസ് ഭടന്മാരെ ബലമായി നീക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് മേയ് ആദ്യവാരം സംഘട്ടനത്തില്‍ കലാശിച്ചത്. ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കാനും ഇരു സേനകളും പിന്നാലെ തീരുമാനിച്ചു. എന്നാല്‍, അനാവശ്യ അവകാശവാദമുന്നയിച്ചു ചര്‍ച്ച നീട്ടിക്കൊണ്ടു പോയ ചൈന, സേനയെ മടക്കിയില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7