എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം; ഹൈക്കോടതി

കൊച്ചി: കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.

ചോദ്യം ചെയ്യല്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കി. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച തുകയില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ വെട്ടിപ്പ് നടത്തിയെന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംഘത്തിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചിരുന്നു.

അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മുന്‍ ഉത്തരവിലുണ്ടായ കാലതാമസം കോടതി അന്ന് മാപ്പാക്കിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

സുവര്‍ണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ കണ്‍വീനറായി 1997-98 കാലയളവില്‍ പിരിച്ച 1,02,61,296 രൂപയില്‍ വന്‍ തുക വെട്ടിച്ചെന്നാണ് കേസ്. എസ്എന്‍ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ല്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്പി അന്വേഷണം നടത്തി കേസ് എഴുതിതള്ളിയിരുന്നു. ഹര്‍ജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോര്‍ട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നും റിപ്പോര്‍ട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹര്‍ജിക്ക് വഴിവച്ചത്. കേസ് ജൂലൈ ആറിനു പരിഗണിക്കും.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular