സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ 500 കോടിയുടെ അനുമതി

ന്യൂഡല്‍ഹി: സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ സേനാമേധാവിമാര്‍ക്കു പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആയുധങ്ങള്‍ വാങ്ങാന്‍ സൈന്യത്തിന് അനുമതി നല്‍കി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ 75ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായാണു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും കണ്ടത്. കിഴക്കന്‍ ലഡാക്കിലെ തുടര്‍ പ്രതിരോധ നീക്കങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കാനും നിര്‍ദേശിച്ചു.

പ്രകോപനമുണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കു കാത്തിരിക്കേണ്ട. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീക്കം നടത്താന്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. 500 കോടി രൂപവരെയുള്ള ആയുധ ഇടപാടുകള്‍ക്കാണു സൈന്യത്തിന് അധികാരം നല്‍കിയത്. ചൈനയുടെ നാല്‍പതിലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണു കരസേന മുന്‍മേധാവിയും കേന്ദ്ര മന്ത്രിയുമായ വി.കെ. സിങ് പറയുന്നത്

ചൈനയുടെ ഭാഗത്തുണ്ടായ ആള്‍ നാശത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായൊരു വ്യക്തി ആദ്യമായാണു പ്രതികരിക്കുന്നത്. ചൈനീസ് സൈനികരെ ഇന്ത്യ പിടികൂടി വിട്ടയച്ചതായും വി.കെ. സിങ് പറയുന്നു. അതിര്‍ത്തില്‍ വെടിവയ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ- ചൈന കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി. പ്രകോപനമുണ്ടായാല്‍ യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധവും ഉപയോഗിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് സൈന്യം അനുമതി നല്‍കി.

കിഴക്കന്‍ ലഡാക്കില്‍ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുംവരെ സൈനിക നടപടികള്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം. അതിര്‍ത്തി തര്‍ക്കം അടിപിടിയിലെത്തിയിരിക്കുന്നുവെന്നും ഇരുരാജ്യങ്ങളുമായി സംസാരിച്ചുവരികയാണെന്നും യുഎസ് പ്രസിസന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തിനു കാരണം ചൈനീസ് സൈന്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ കുറ്റപ്പെടുത്തി.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular