തിരുവനന്തപുരം: ശ്രീകാര്യത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ക്കല സ്വദേശി ഷൈജു സത്യന്‍ മരിക്കുന്നതിന് തലേദിവസം ശ്രീകാര്യത്ത് എത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷൈജു ഒറ്റയ്ക്ക് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഫോണ്‍ വിളിക്കുന്നത് പോലെ ഇടത് കൈ ചെവിയോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ടെങ്കിലും ഇത് ഫോണ്‍ വിളിക്കുന്നതല്ലെന്നാണ് പൊലീസ് നിഗമനം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു ഞായറാഴ്ച കാണാതായ ഷൈജുവിനെ തിങ്കളാഴ്ച രാവിലെയാണ് ശ്രീകാര്യത്തെ സ്വകാര്യ ബാങ്കിനു പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച കല്ലമ്പത്ത് വച്ച് ചിലര്‍ ആക്രമിച്ചെന്നായിരുന്നു ഷൈജു കല്ലമ്പലം പൊലീസിനോടും ആശുപത്രിയിലെ ഡോക്ടര്‍മാരോടും പറഞ്ഞിരുന്നത്.
എന്നാല്‍ അന്വേഷണത്തില്‍ ഇങ്ങനെയൊരു ആക്രമണം നടന്നതായി പൊലീസിന് അറിവില്ല. മരിക്കുന്നതിനു മുമ്പ് ഷൈജു മാനസികവിഭ്രാന്തി പുലര്‍ത്തുന്നതായി ഭാര്യക്കും സുഹൃത്തുക്കള്‍ക്കു അയച്ച സന്ദേശങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുമുണ്ട്.
FOLLOW US: pathram online