ഇസ്‌ലാമാബാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ച് മാസത്തിലേറെയായി ഭാര്യ സാനിയ മിര്‍സയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് ഇംഗ്ലണ്ട് പര്യടനത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക പരിഗണന. ഇംഗ്ലണ്ട് പര്യടനത്തിനായി പാക്കിസ്ഥാന്‍ ടീം ഈ മാസം യാത്ര തിരിക്കാനിരിക്കെ, മാലിക്ക് അടുത്ത മാസം ഇംഗ്ലണ്ടിലെത്തിയാല്‍ മതിയെന്ന് പിസിബി വ്യക്തമാക്കി. ഭാര്യയെയും കുഞ്ഞിനെയും കാണുന്നതിനാണ് ഈ ഇളവ്. ഇതോടെ, ജൂണ്‍ 28ന് ഇംഗ്ലണ്ട് പര്യടനത്തിനായി യാത്ര തിരിക്കുന്ന പാക്കിസ്ഥാന്‍ ടീമില്‍ മാലിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായി. പകരം ജൂലൈ 24നാകും മാലിക്ക് ഇംഗ്ലണ്ടിലേക്കു പോകുക. ഇതിനകം മാലിക്കിന് ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഓഗസ്റ്റിലും സെപ്റ്റംബറിലുമായി നടക്കുന്ന പരമ്പരയില്‍ മൂന്നു വീതം ടെസ്റ്റുകളും ട്വന്റി20 മത്സരങ്ങളുമാകും പാക്കിസ്ഥാന്‍ കളിക്കുക. കോവിഡ് 19നുശേഷം രാജ്യാന്തര ക്രിക്കറ്റ് പുനഃരാരംഭിച്ച ആദ്യ രാജ്യമായ ഇംഗ്ലണ്ടില്‍, നിലവില്‍ വെസ്റ്റിന്‍ഡീസ് ടീം പര്യടനം നടത്തുന്നുണ്ട്. ഇതിനുശേഷമാകും ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ പരമ്പര. ഇംഗ്ലണ്ടിലെത്തുന്ന 29 അംഗ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചട്ടപ്രകാരം 14 ദിവസം ക്വാറന്റീനില്‍ കഴിയണം. പാക്കിസ്ഥാനില്‍നിന്ന് മാഞ്ചസ്റ്ററിലെത്തുന്ന പാക്ക് ടീമിന് ഡെര്‍ബിഷയറിലാണ് ക്വാറന്റീന്‍ ഒരുക്കിയിരിക്കുന്നത്. ക്വാറന്റീനില്‍ നിയന്ത്രണങ്ങളോടെ പരിശീലിക്കാനുള്ള അവസരവുമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നേരത്തേതന്നെ വിരമിച്ച മാലിക്ക്, ട്വന്റി20 പരമ്പരയില്‍ മാത്രമേ കളിക്കുന്നുള്ളൂ. ഇതുകൂടി പരിഗണിച്ചാണ് താരത്തിന് ഇളവു നല്‍കിയത്. മാലിക്കിന് കുഞ്ഞിനെ കാണാന്‍ സാധിക്കാത്തതില്‍ വേദന പങ്കുവച്ച് സാനിയ മിര്‍സ രംഗത്തെത്തിയിരുന്നു. നിലവില്‍ ഹൈദരാബാദിലെ വീട്ടിലാണ് സാനിയയും കുഞ്ഞും.
‘ടീമിലെ മറ്റ് അംഗങ്ങളില്‍നിന്ന് വ്യത്യസ്തമായി ശുഐബ് മാലിക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടിട്ട് അഞ്ചു മാസം പിന്നിട്ടു. രാജ്യാന്തര തലത്തില്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നുതുടങ്ങിയ സ്ഥിതിക്ക് അദ്ദേഹത്തിന് കുടുംബാംഗങ്ങളെ കാണാന്‍ ഉടന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പമുള്ള യാത്രയില്‍നിന്ന് മനുഷിക പരിഗണന നല്‍കി അദ്ദേഹത്തെ ഒഴിവാക്കുകയാണ്’ പിസിബി ചീഫ് എക്‌സിക്യുട്ടീവ് വസിം ഖാന്‍ വ്യക്തമാക്കി.
ടീം ഇംഗ്ലണ്ടിലെത്തിയശേഷം ഒരു മാസം വൈകിയെത്തുന്ന മാലിക്കിന് രാജ്യത്ത് പ്രവേശിക്കാന്‍ സംവിധാനമൊരുക്കാമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു. ഇതുപ്രകാരം ജൂലൈ 24നാകും അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോകുക. 2015ല്‍ ടെസ്റ്റില്‍നിന്ന് വിരമിച്ച മുപ്പത്തെട്ടുകാരനായ മാലിക്ക്, ഇക്കഴിഞ്ഞ ഏകദിന ലോകകപ്പോടെ ഏകദിനത്തോടും വിടപറഞ്ഞിരുന്നു. ഇപ്പോള്‍ ട്വന്റി20യില്‍ മാത്രമാണ് മാലിക് സജീവമായി തുടരുന്നത്.
follow us: PATHRAM ONLINE