മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കില്ല; അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മകന്‍ പ്രതിമയെ വിവാഹം ചെയ്തു

അച്ഛനെ സന്തോഷിപ്പിക്കാന്‍ പ്രതിമയെ വിവാഹം കഴിച്ച് യുവാവ്. യു.പിയിലെ പ്രയാഗ്‌രാജ് സ്വദേശിയായ 32കാരനായ പഞ്ച് രാജ് എന്ന യുവാവാണ് പ്രതിമയെ വിവാഹം കഴിച്ചത്. പഞ്ച് രാജിന്റെ പിതാവും റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനുമായ ശിവ മോഹന്‍ പാലിന്റെ (90) ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് ഇയാള്‍ പ്രതിമയെ വിവാഹം കഴിച്ചത്.

ഒന്‍പത് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട് ശിവ മോഹന്‍ പാലിന്. ഇതില്‍ 11 പേരും വിവാഹിതരാണ്. എന്നാല്‍ എട്ടാമത്തെ മകനായ പഞ്ച് രാജ് മാത്രം അവിവാഹിതനാണ്. പഞ്ച് രാജ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയും തൊഴില്‍രഹിതനുമാണ് സഹോദരങ്ങളെ ആശ്രയിച്ചാണ് ഇയാളുടെ ജീവിതം. അതുകൊണ്ടുതന്നെ പഞ്ച് രാജിനെ വിവാഹം കഴിപ്പിച്ച് മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കില്ലെന്ന് പിതാവ് തീരുമാനിച്ചിരുന്നു.

എന്നാല്‍ മകന്‍ അവിവാഹിതനായി തുടരുന്നതും പിതാവിനെ വിഷമിപ്പിച്ചു. ഇവരുടെ വിശ്വാസ പ്രകാരം ഒരാള്‍ അവിവാഹിതനായി മരിച്ചാല്‍ ആത്മാവിന് നിത്യശാന്തി ലഭിക്കില്ലെന്നാണ്. ഇതേതുടര്‍ന്നാണ് മകനെക്കൊണ്ട് പ്രതിമയെ വിവാഹം കഴിപ്പിക്കാന്‍ പിതാവ് തീരുമാനിച്ചത്. ബന്ധുക്കളുമായി കൂടിയാലോചിച്ചാണ് പിതാവ് ഇത്തരമൊരു തീരുമാനം എടുത്തത്.

സാധാരണ വിവാഹ ചടങ്ങിന്റെ എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് പഞ്ച് രാജും പ്രതിമയുമായുള്ള വിവാഹം നടത്തിയത്. പഞ്ച് രാജ് ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. എന്നാല്‍ പിതാവിന്റെ ആഗ്രഹത്തിന് വഴങ്ങി ഒടുവില്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7