ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍

ന്യൂഡല്‍ഹി: ചൈനയുടെ ധാര്‍ഷ്ട്യത്തിനും അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങള്‍ക്കുമെതിരെ കൃത്യമായ സന്ദേശം നല്‍കാന്‍ നിയന്ത്രിത സൈനിക നടപടിയെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിരോധ വിദഗ്ധര്‍. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് രാഷ്ട്രീയപരമായാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തുടരുന്ന പ്രകോപനങ്ങള്‍ ഭാവിയില്‍ സഹിക്കാവുന്നതിന് അപ്പുറത്തേക്കു വളരുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികരെ സൈനിക നടപടിയിലൂടെത്തന്നെ ഒഴിപ്പിക്കണം. 1999 ല്‍ കാര്‍ഗിലില്‍ കടന്നു കയറിയ പാക്കിസ്ഥാന്‍ സൈനികര്‍ക്കു നേരേ നടത്തിയ ആക്രമണത്തിനു സമാനമായ ആക്രമണത്തെക്കുറിച്ചാണ് ഭരണാധികാരികള്‍ ആലോചിക്കേണ്ടത്. സൈനിക ശക്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയിട്ടുള്ള അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സേനാ നീക്കത്തിനു കരുത്തുപകരും. മുന്‍നിരയില്‍ അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തരഘട്ടത്തില്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സൈനിക അധികൃതര്‍ വ്യക്തമാക്കുന്നത്. ടി-71 ടാങ്ക് റെജിമെന്റ്, ലഡാക്കിലെ ആര്‍ട്ടിലറി യൂണിറ്റ്, സുഖോയ്-30 എംകെഐ പോര്‍വിമാനങ്ങള്‍, കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ആകാശ് മിസൈലുകള്‍, വടക്കു-കിഴക്കന്‍ ഭാഗത്ത് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. 1962 ലെ പോലെ ചൈനയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല ഇക്കുറി. അന്ന് വ്യോമസേന രംഗത്തുണ്ടായിരുന്നില്ല.

സമ്പൂര്‍ണയുദ്ധം എന്നത് ആരും നിര്‍ദേശിക്കുന്നില്ല. എന്നാല്‍ കീഴടങ്ങുന്നവരല്ല ഇന്ത്യന്‍ സേന എന്നു ചൈനയെ ഈ ഘട്ടത്തിലെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിര്‍ത്തിയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാനും ഇന്ത്യന്‍ മണ്ണ് കൈവശമാക്കാനും കഴിയില്ലെന്ന ഉത്തമബോധ്യം ചൈനയ്ക്കുണ്ടാകണം.

ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ വെടിഞ്ഞ സംഭവം ഒരു നിര്‍ണായകഘട്ടമായി പരിഗണിക്കണമെന്നാണു പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. ഇതോടെ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള 3,488 കിലോമീറ്റര്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇരു സൈന്യവും തമ്മിലുള്ള സമവാക്യത്തില്‍ മാറ്റങ്ങള്‍ വരുമെന്ന് ഏറെക്കുറേ ഉറപ്പാണ്. സിക്കിമിലും അരുണാചല്‍ പ്രദേശിലും ചൈന ഇപ്പോഴും ശക്തിപ്രകടനം തുടരുകയാണ്.

അതിര്‍ത്തിയില്‍ ഇന്ത്യ യുദ്ധസമാനമായ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചൈനയുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൈനികകേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഗല്‍വാന്‍ താഴ്വര, ദൗലത് ബേഗ് ഓള്‍ഡി എന്നിവിടങ്ങളില്‍ ചൈനയുടെ സന്നാഹങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാറ്റലൈറ്റ്, ഡ്രോണുകള്‍, ദീര്‍ഘദൂര നാവിക വിമാനവാഹിനികള്‍ എന്നിവയിലെ റഡാറുകള്‍ എന്നിവ ഉപയോഗിച്ചാണ് പിഎല്‍എയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. ടിബറ്റിലെ ചൈനയുടെ വ്യോമകേന്ദ്രങ്ങളും നിരീക്ഷണത്തിലാണ്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7