എനിക്ക് ജീവിതം തിരിച്ചുതന്ന നീ വിടപറയുമ്പോള്‍… സച്ചിയെക്കുറിച്ച് ദിലീപ്….

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ”പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു, എന്ത് പറയാന്‍… ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേര്‍പാടില്‍ കണ്ണീര്‍ അഞ്ജലികള്‍” നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു രാമലീല. ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു രാമലീല.

”കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരന്‍… പ്രതിഭയാര്‍ന്ന സംവിധായകന്‍… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്” എന്നായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് സച്ചിയെക്കുറിച്ച് പറഞ്ഞത്.

‘ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടില്‍ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുന്‍പ് കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.’ സച്ചി എന്ന കലാകാരന്‍ കണ്ടെടുത്ത കലാകാരി നഞ്ചമ്മ പറഞ്ഞു.

”നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകള്‍ മതിയെനിക്കീ ജന്മം മുഴുവന്‍ …നിങ്ങളെ മറക്കാതിരിക്കാന്‍” കലാസംവിധായകന്‍ മനു ജഗത് ഫേസ്ബുക്കില്‍ കുറിച്ചു.

ജനപ്രിയ സിനിമയുടെ മാജിക്ക് സച്ചിയെപ്പോലെ അറിയാവുന്ന മറ്റൊരു എഴുത്തുകാരന്‍ മലയാള സിനിമയ്ക്ക് ഇല്ല. പ്രേക്ഷകരെ സിനിമയിലേക്ക് കൊളുത്തി ഇടാനുള്ള വൈദഗ്ധ്യം മറ്റാര്‍ക്കും ഇന്ന് അവകാശപ്പെടാനാവില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സച്ചിയുടെ മരണവാര്‍ത്തയില്‍ തകര്‍ന്നു പോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്തു.

പൃഥ്വിരാജ്-ബിജു മേനോന്‍ ഒന്നിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനിരിക്കുകയായിരുന്നു. ജോണ്‍ അബ്രഹാമിന്റെ ജെ.എ എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്.

FOLLOW US: PATHRAM ONLINE

pathram:
Leave a Comment