ഇക്കാര്യത്തില്‍ അനാവശ്യമായി ഇടപെടേണ്ട.., യുഎസിന് ചൈനയുടെ മുന്നറിയിപ്പ്..

ചൈനയ്‌ക്കെതിരേ പുതിയ ഉപരോധവുമായി എത്തിയാല്‍ യുഎസ് അതിന്റെ പരിണിതഫലവും അനുഭവിക്കേണ്ടിവരുമെന്ന് ബെയ്ജിങ്ങിന്റെ മുന്നറിയിപ്പ്. ഉയിഗുര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടമായി തടങ്കലിലടയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസിന്റെ പുതിയ നിയമത്തെയാണ് ചൈന എതിര്‍ക്കുന്നത്. സിന്‍ജിയാങ് മേഖലയിലെ ചൈനയുടെ നയത്തിനുനേര്‍ക്കുള്ള ആക്രമണമാണെന്ന് ചൈന വ്യക്തമാക്കി.

നിയമം നടപ്പാക്കിയാല്‍ ചൈനയുടെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകും. അതിന്റെ പരിണിതഫലം യുഎസ് അനുഭവിക്കേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഉയിഗുര്‍ മനുഷ്യാവകാശ നിയമം പ്രാബല്യത്തില്‍വരുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്.

ഏകകണ്ഠമായാണ് യുഎസ് കോണ്‍ഗ്രസ് നിയമം പാസാക്കിയത്. ഇതനുസരിച്ച് ഉയിഗുര്‍ ഉള്‍പ്പെടെയുള്ള മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ‘ഏകപക്ഷീയമായ തടങ്കലും പീഡനവും യാതനയും’ നല്‍കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തിയാല്‍ അവരെ യുഎസില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കും. യുഎസിലെ അവരുടെ സ്വത്തുവകകള്‍ മരവിപ്പിക്കും.

‘ചൈനയുടെ ആഭ്യന്തര കാര്യത്തില്‍ യുഎസിന്റെ അനാവശ്യമായ കൈകടത്തലാണിത്. യുഎസ് സ്വന്തം തെറ്റുകള്‍ തിരുത്തണം. സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ വിഷയത്തെ ഈ നിയമം അപഖ്യാതിപ്പെടുത്തുകയാണ്’ വാര്‍ത്താക്കുറിപ്പില്‍ ചൈന പറഞ്ഞു.

10 ലക്ഷത്തിലധികം ഉയിഗുറുകളെയും മറ്റു തുര്‍ക്കി മുസ്‌ലിംകളെയും നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്ത് ആ സംസ്‌കാരത്തെയും അടിസ്ഥാന ഇസ്‌ലാമിക ആചരണത്തെയും ഉന്മൂലനം ചെയ്യാനാണ് ചൈന പദ്ധതിയിടുന്നതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ വാദം. അതേസമയം, മത തീവ്രവാദത്തിനെതിരായി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തുകയാണ് തങ്ങളെന്നാണ് ഈ വാദത്തിന് ചൈന നല്‍കുന്ന മറുപടി.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular